Spread the love

വയനാട്ടിൽ രാഹുൽ ഗാന്ധിയുടെ ഓഫീസിന് നേരെയുണ്ടായ ആക്രമണം മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം എൽഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജൻ ആസൂത്രണം ചെയ്തതാണെന്ന് യുഡിഎഫ് കണ്‍വീനര്‍ എം എം ഹസൻ. ജൂണ്‍ 21ന് ഇ.പി ജയരാജന്‍ കല്‍പ്പറ്റയിലെത്തി ബഫര്‍ സോണ്‍ വിഷയത്തില്‍ ഇടതുസര്‍ക്കാര്‍ വേണ്ടതെല്ലാം ചെയ്തിട്ടുണ്ടെന്ന് പ്രഖ്യാപിച്ചിരുന്നു. അതേ ദിവസം തന്നെ രാഹുൽ ഗാന്ധിയുടെ ഓഫീസിന് നേരെയുള്ള ആക്രമണം ആസൂത്രണം ചെയ്യുകയും ചെയ്തിരുന്നു. തൊട്ടുപിന്നാലെ 24ന് എസ്എഫ്ഐ പ്രവർത്തകർ ആക്രമണം നടത്തി. കുട്ടി സഖാക്കളെക്കൊണ്ട് അക്രമം നടത്തിച്ച മുഖ്യമന്ത്രിയും ഇ.പി ജയരാജനും നടത്തിയ പ്രസ്താവനകൾ വെറും നാടകം മാത്രമാണെന്ന് കെ.പി.സി.സി ആസ്ഥാനത്ത് വാർത്താസമ്മേളനത്തിൽ എം.എം ഹസൻ പറഞ്ഞു.

രാഹുൽ ഗാന്ധിയുടെ ഓഫീസിലെ ജീവനക്കാരനായ അഗസ്റ്റിന് ക്രൂരമർദ്ദനമേറ്റു. വിവിധ സഹായങ്ങൾ ആവശ്യപ്പെട്ട് ജനങ്ങൾ രാഹുൽ ഗാന്ധിക്ക് സമർപ്പിച്ച എല്ലാ അപേക്ഷകളും കീറിക്കളഞ്ഞു. പയ്യന്നൂരിലെ ഗാന്ധി പ്രതിമയുടെ ശിരഛേദത്തിന് സമാനമായി സംഘപരിവാര്‍ മാതൃകയില്‍ ഓഫീസിലെ ഗാന്ധിജിയുടെ ചിത്രം ചവിട്ടിമെതിക്കപ്പെട്ടു. ഇതെല്ലാം ചെയ്യുമ്പോൾ പൊലീസ് നോക്കുകുത്തികളായിരുന്നു. സീതാറാം യെച്ചൂരിയുടെ പ്രതികരണത്തെ തുടർന്നാണ് ഡിവൈഎസ്പിയെ സസ്പെൻഡ് ചെയ്തതെന്നും ഹസൻ ചൂണ്ടിക്കാട്ടി.

രാഹുൽ ഗാന്ധിയുടെ ഓഫീസിലെ ജീവനക്കാരനെ വധിക്കാൻ ശ്രമിച്ചിട്ടും പോലീസ് നോക്കിനിന്നു. വിമാനത്തിൽ പ്രതിഷേധ മുദ്രാവാക്യം വിളിച്ചതിന് യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ വധശ്രമത്തിന് കള്ളക്കേസ് രജിസ്റ്റർ ചെയ്ത പൊലീസ് ഈ അക്രമത്തിനെതിരെ നിസാര വകുപ്പിട്ട് കേസെടുത്താൽ യു.ഡി.എഫ് നിയമത്തിന്റെ പാതയിൽ നീങ്ങും. എസ്എഫ്ഐ പ്രവർത്തകർക്കെതിരെ വധശ്രമത്തിന് കേസെടുക്കണമെന്നും ഹസൻ പറഞ്ഞു.

By newsten