Spread the love

തിരുവനന്തപുരം: രാഹുൽ ഗാന്ധി എം.പിയുടെ ഓഫീസിന് നേരെയുണ്ടായ ആക്രമണത്തെ തള്ളി എസ്.എഫ്.ഐ വയനാട് ജില്ലാ കമ്മിറ്റി നടത്തിയ പ്രതിഷേധ മാർച്ചിന് സംസ്ഥാന നേതൃത്വത്തിൻ്റെ അറിവോ സമ്മതമോ ഇല്ലെന്ന് എസ്.എഫ്.ഐ നേതൃത്വം വ്യക്തമാക്കി. എസ്.എഫ്.ഐ വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധവും കൽപ്പറ്റയിൽ രാഹുൽ ഗാന്ധി എം.പിയുടെ ഓഫീസിന് നേരെയുണ്ടായ ആക്രമണവും അംഗീകരിക്കാനാവില്ലെന്നും അത് തള്ളിക്കളയുന്നുവെന്നും എസ്എഫ്ഐ പറഞ്ഞു.

“സംരക്ഷിത വനമേഖലയുടെ ബഫർ സോണിനെ സംബന്ധിച്ചുള്ള സുപ്രീം കോടതിയുടെ ഉത്തരവുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന വിഷയം ഏറ്റെടുത്ത് സമരം സംഘടിപ്പിക്കാൻ എസ്.എഫ്.ഐയുടെ സംസ്ഥാന കമ്മിറ്റി തീരുമാനിച്ചിട്ടില്ല. ഇന്ന് രാഹുൽ ഗാന്ധിയുടെ ഓഫീസിലേക്ക് എസ്.എഫ്.ഐ വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച മാർച്ചിന് എസ്.എഫ്.ഐ സംസ്ഥാന നേതൃത്വത്തിൻ്റെ അറിവോ സമ്മതമോ ഉണ്ടായിരുന്നില്ല. ഇതുമായി ബന്ധപ്പെട്ട് എന്താണ് സംഭവിച്ചത് എന്ന് സംഘടനാപരമായി പരിശോധിച്ച് സമരത്തിന് നേതൃത്വം നൽകിയ പ്രവർത്തകർക്ക് നേരെ ശക്തവും മാതൃകാപരവുമായ സംഘടനാ നടപടി സ്വീകരിക്കും”

ഈ ഒറ്റപ്പെട്ട സംഭവം ഉയർത്തിക്കാട്ടി എസ്.എഫ്.ഐയെ മോശമായി ചിത്രീകരിക്കാനുള്ള വലതുപക്ഷത്തിന്റെ രാഷ്ട്രീയ അജണ്ട പൊതുസമൂഹവും വിദ്യാർത്ഥികളും തിരിച്ചറിയണം. എസ്എഫ്ഐയെ ആക്രമിക്കാനുള്ള വലതുപക്ഷ നീക്കം വിദ്യാർത്ഥികളെ അണിനിരത്തി പരാജയപ്പെടുത്തുമെന്ന് സംസ്ഥാന പ്രസിഡന്റ്‌ കെ അനുശ്രീ സംസ്ഥാന സെക്രട്ടറി പി എം ആർഷോ എന്നിവർ പ്രസ്താവനയിലൂടെ അറിയിച്ചു.

By newsten