Spread the love

തിരുവനന്തപുരം: രാഹുൽ ഗാന്ധി എംപിയുടെ ഓഫീസ് ഭരണകക്ഷിയിലെ വിദ്യാർത്ഥി സംഘടന തകർത്തതായി ശ്രദ്ധയില്‍ പെട്ടിട്ടില്ലെന്ന് മുഖ്യമന്ത്രി. നിയമസഭയിൽ രേഖാമൂലം നൽകിയ മറുപടിയിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. ഓഫീസിൽ ഗാന്ധിജിയുടെ ഛായാചിത്രം തകർത്തത് അന്വേഷണ വിധേയമാക്കിയിട്ടുണ്ടോ എന്ന ചോദ്യത്തിന് കേസ് എടുത്തിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

സജീവ് ജോസഫ്, കെ ബാബു, സനീഷ് കുമാർ ജോസഫ്, ഷാഫി പറമ്പിൽ എന്നിവർ ഈ മാസം 15ന് ഉന്നയിച്ച ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. 2022 ജൂൺ 24ന് വയനാട് എംപിയുടെ ഓഫീസ് ഭരണകക്ഷിയിലെ വിദ്യാർത്ഥി സംഘടനാ പ്രവർത്തകർ തകര്‍ത്തതായി പറയപ്പെടുന്ന സംഭവം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ എന്നതായിരുന്നു ആദ്യ ചോദ്യം. വിദ്യാർത്ഥി സംഘടനാ പ്രവർത്തകർ അടിച്ചു തകര്‍ത്തതായി ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടിയിലെ ആദ്യ വരി. എന്നാൽ വിദ്യാർത്ഥി യൂണിയൻ പ്രവർത്തകരുടെ മാർച്ചിനെ തുടർന്നുണ്ടായ സംഭവങ്ങളുമായി ബന്ധപ്പെട്ട് രണ്ട് കേസുകൾ രജിസ്റ്റര്‍ ചെയ്ത് അന്വേഷിച്ച് വരുന്നതായും പറയുന്നു.

വിഷയത്തിൽ ഉയർന്ന മൂന്ന് ചോദ്യങ്ങൾക്കും ഒരേ മറുപടിയാണ് മുഖ്യമന്ത്രി നൽകിയിരിക്കുന്നത്. സംഘങ്ങളായി എത്തിയ പ്രവര്‍ത്തകര്‍ 50 മിനിറ്റോളം അതിക്രമം നടത്തിയ ശേഷമാണ് പുറത്തിറങ്ങിയത് എന്നതു വസ്തുതയാണോ എന്ന ചോദ്യത്തിന് കൃത്യമായ ഉത്തരം മറുപടിയിൽ ഇല്ല. ഗാന്ധിജിയുടെ ചിത്രം തകർത്തത് ആരെന്നതുമായി ബന്ധപ്പെട്ട് വിശദമായ ഉത്തരം നൽകാൻ കഴിയുമോ, അന്വേഷണ വിധേയമാക്കിയിട്ടുണ്ടോ എന്ന മൂന്നാമത്തെ ചോദ്യത്തിന് ഐപിസി സെക്ഷൻ 153 പ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നായിരുന്നു മറുപടി. ഇതും അന്വേഷണ പരിധിയിലാണെന്നായിരുന്നു മറുപടി.

By newsten