കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി യൂറോപ്പിലേക്ക് പുറപ്പെട്ടതായി റിപ്പോർട്ട്. വ്യാഴാഴ്ച നടക്കാനിരിക്കുന്ന കോൺഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പ് സംബന്ധിച്ച യോഗത്തിന് മുന്നോടിയായാണ് രാഹുലിന്‍റെ സന്ദർശനം. കഴിഞ്ഞ കുറച്ച് വർഷങ്ങളായി നിരവധി പരാജയങ്ങൾക്കിടയിൽ രാഹുലിന്‍റെ യാത്രകളും ഗോവയിലെ കൂറുമാറ്റങ്ങൾ തടയാൻ പാർട്ടിക്ക് കഴിയാത്തതും വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു. വ്യക്തിപരമായ കാരണങ്ങളാലാണ് യാത്രയെന്നാണ് റിപ്പോർട്ട്.
രാഷ്ട്രപതി തിരഞ്ഞെടുപ്പിനും പാർലമെന്‍റിന്‍റെ വർഷകാല സമ്മേളനത്തിനും മുന്നോടിയായി ഞായറാഴ്ച രാഹുൽ ഗാന്ധി തിരിച്ചെത്തുമെന്നാണ് സൂചന.
എന്നാൽ വിഷയത്തിൽ കോൺഗ്രസ് ഇതുവരെ പ്രതികരിച്ചിട്ടില്ല. 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ രാഹുൽ ഗാന്ധി രാജിവെച്ചിരുന്നു. നിലവിൽ കോൺഗ്രസ് അധ്യക്ഷ പദവിയാണ് സോണിയ ഗാന്ധി വഹിക്കുന്നത്. രാഹുൽ ഗാന്ധി അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുമോ ഇല്ലയോ എന്ന കാര്യത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല. ഒക്ടോബർ രണ്ടിന് ആരംഭിക്കാനിരിക്കുന്ന ‘ഭാരത് ജോഡോ യാത്ര’ അഥവാ യുണൈറ്റഡ് ഇന്ത്യ ക്യാമ്പയിന്റെ പദ്ധതികളും വ്യാഴാഴ്ച ചേരുന്ന പാർട്ടി യോഗത്തിൽ തീരുമാനിക്കും.