തിരുവനന്തപുരം: വയനാട്ടിൽ രാഹുൽ ഗാന്ധിയുടെ ഓഫീസിന് നേരെ എസ്.എഫ്.ഐ നടത്തിയ ആക്രമണം മോദിയെയും സംഘപരിവാറിനെയും പ്രീതിപ്പെടുത്താനാണെന്ന് കോണ്‍ഗ്രസ്. ഭരണപക്ഷത്തിന്റെ രണ്ടാമത്തെ കലാപ ആഹ്വാനമാണിതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞു. മുഖ്യമന്ത്രിയെ കൊല്ലാൻ രണ്ട് കുട്ടികൾ ശ്രമിച്ചെന്ന തരത്തിൽ വ്യാപകമായ പ്രചാരണമാണ് ആദ്യം നടന്നത്. കേരളത്തിലെ എല്ലാ ക്രിമിനലുകളും അഴിച്ചുവിടപ്പെടുകയും കോണ്‍ഗ്രസ് ഓഫീസുകൾ നശിപ്പിക്കപ്പെടുകയും ചെയ്തു. കെ.പി.സി.സി ഓഫീസിനും നേരെ ആക്രമണമുണ്ടായി. ഗാന്ധി പ്രതിമയുടെ തല വെട്ടിമാറ്റി. സംഘപരിവാർ ശക്തികൾ രാഹുൽ ഗാന്ധിയെ നിരന്തരം വേട്ടയാടുന്ന ഈ സമയത്താണ് കേരളത്തിലെ സി.പി.എം അതിന് ആക്കം കൂട്ടുന്നത്. ഇതൊക്കെ ആസൂത്രണം ചെയ്ത കാര്യങ്ങളാണ്. സ്വർണക്കടത്ത് കേസിൽ ഉൾപ്പെട്ട കേരള മുഖ്യമന്ത്രിയും സിപിഎം നേതൃത്വവും ചെയ്തത് സംഘപരിവാർ നേതൃത്വത്തെ പ്രീതിപ്പെടുത്താനാണെന്നും സതീശൻ പറഞ്ഞു. ബി.ജെ.പിയെ എൽ.ഡി.എഫിലെ ഘടകകക്ഷിയാക്കുന്നതാണ് നല്ലതെന്നും അദ്ദേഹം പറഞ്ഞു. അതിനിടെ മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി രാഹുല്‍ ഗാന്ധി ഈ മാസം 30-ന് വയനാട്ടിലെത്തും. ജൂണ്‍ 30, ജൂലൈ ഒന്ന്, രണ്ട്, തിയതികളില്‍ രാഹുല്‍ വയനാട് ലോക്‌സഭാ മണ്ഡലത്തിലുണ്ടാകും. ഓഫീസ് ആക്രമണത്തിന്റെ പശ്ചാത്തലത്തിലല്ല രാഹുലിന്റെ സന്ദര്‍ശനം. മുന്‍പേ നിശ്ചയിച്ചതാണത്