Spread the love

മാനന്തവാടി: മൂന്ന് ദിവസത്തെ സന്ദർശനത്തിനായി രാഹുൽ ഗാന്ധി എം.പി കേരളത്തിലെത്തി. രാവിലെ കണ്ണൂർ വിമാനത്താവളത്തിലെത്തിയ രാഹുലിനെ കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരനും കോൺഗ്രസ് നേതാക്കളും സ്വീകരിച്ചു. മാനന്തവാടി ഒണ്ടയങ്ങാടിയിൽ ഫാർമേഴ്സ് ബാങ്ക് കെട്ടിടത്തിന്റെ ഉദ്ഘാടനമാണ് വയനാട് ജില്ലയിലെ ആദ്യ പരിപാടി.

കണ്ണൂരിൽ അഞ്ച് ഡിവൈ.എസ്.പിമാരുടെ നേതൃത്വത്തിലുള്ള സുരക്ഷാ സംഘത്തെ വിന്യസിച്ചിട്ടുണ്ട്. സി.ആർ.പി.എഫിന്റെ സുരക്ഷയ്ക്ക് പുറമേ 500 പോലീസുകാരെ കൂടി ജില്ലയിൽ വിന്യസിച്ചതായി സിറ്റി പൊലീസ് കമ്മീഷണർ ആർ ഇളങ്കോ പറഞ്ഞു.

തലശ്ശേരി അതിരൂപത ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി. പരിസ്ഥിതി ലോല വിഷയങ്ങളിൽ മലയോര ജനതയുടെ ആശങ്കകൾ പാംപ്ലാനി രാഹുലിനെ അറിയിക്കും. മട്ടന്നൂർ ഗ്രീൻ പ്ലാനറ്റ് റിസോർട്ടിലാണ് യോഗം ചേർന്നത്. ബഫർ സോൺ ഉത്തരവിനെതിരെ പ്രതിഷേധിക്കാൻ വൈകിട്ട് നാലിന് ബത്തേരിയിലെ ഗാന്ധി സ്ക്വയറിൽ നടക്കുന്ന ബഹുജന സംഗമത്തോടെ രാഹുലിന്റെ ആദ്യ ദിവസത്തെ പരിപാടി സമാപിക്കും.

By newsten