Spread the love

തിരുവനന്തപുരം: സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് പുറത്തുവിട്ട ശബ്ദരേഖയുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ സംഭവവികാസങ്ങളിൽ സ്വർണക്കടത്ത് കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം ഷാജ് കിരണിനെയും ഇബ്രാഹിമിനെയും ചോദ്യം ചെയ്യും. ഇതുമായി ബന്ധപ്പെട്ട് നാളെ ഇവർക്ക് നോട്ടീസ് നൽകും. ശനിയാഴ്ച സംസ്ഥാന പൊലീസ് മേധാവി അനിൽ കാന്തിന് ഷാജ് കിരൺ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യൽ.

സ്വപ്ന സുരേഷ് പുറത്തുവിട്ട ഓഡിയോ ക്ലിപ്പ് ആധികാരികമാണോയെന്ന് പരിശോധിക്കണമെന്നും ഇതുമായി ബന്ധപ്പെട്ട ഗൂഢാലോചനയിൽ തന്നെ കുടുക്കാൻ ശ്രമം നടന്നുവെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. ഡി.ജി.പി പരാതി പ്രത്യേക അന്വേഷണ സംഘത്തിനു കൈമാറി. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇയാളെ ചോദ്യം ചെയ്യലിനായി വിളിപ്പിക്കുന്നത്.

ഷാജ് കിരണും ഇബ്രാഹിമും ഏറെക്കാലമായി സ്വപ്നയ്ക്കൊപ്പമുണ്ടായിരുന്നു. അതുകൊണ്ട് തന്നെ ഗൂഢാലോചനയിൽ ഇവർക്ക് പങ്കുണ്ടെന്ന സംശയവും പൊലീസിനുണ്ട്. അതിനാൽ ഇവരെ പ്രതികളാക്കുന്ന കാര്യവും പരിഗണനയിലുണ്ട്. ഇവരെ കസ്റ്റഡിയിലെടുക്കുകയോ ഫോണുകൾ പിടിച്ചെടുക്കുകയോ ചെയ്യാത്തതിൽ വിമർശനങ്ങൾ ഉയരുന്നുണ്ട് .

By newsten