ന്യൂഡൽഹി: നാഷണൽ ഹെറാൾഡ് കേസുമായി ബന്ധപ്പെട്ട് രാഹുൽ ഗാന്ധി ചോദ്യം ചെയ്യലിന് ഹാജരായി. പ്രിയങ്ക ഗാന്ധിക്കൊപ്പമാണ് രാഹുൽ എത്തിയത്. ചോദ്യം ചെയ്യലിനായി രാഹുൽ ഇഡി ഓഫീസിൽ കയറിയതോടെയാണ് പ്രിയങ്ക മടങ്ങിയത്. ഇത് അഞ്ചാം ദിവസമാണ് രാഹുൽ ഗാന്ധിയെ ഇഡി ചോദ്യം ചെയ്യുന്നത്. ഇ.ഡിയുടെ നടപടിക്കെതിരെ എ.ഐ.സി.സി ആസ്ഥാനത്ത് പ്രതിഷേധം സംഘടിപ്പിച്ചിട്ടുണ്ട്. ഇന്നലെ 12 മണിക്കൂറിലധികം അന്വേഷണ സംഘം രാഹുലിനെ ചോദ്യം ചെയ്തു. നാല് ദിവസത്തിനിടെ 40 മണിക്കൂറാണ് രാഹുൽ ഗാന്ധിയെ എൻഫോഴ്സ്മെൻ്റ് ചോദ്യം ചെയ്തത്. സോണിയാ ഗാന്ധിയുടെ ചികിത്സയുമായി ബന്ധപ്പെട്ട് ഇളവ് അനുവദിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. ഇതേതുടർന്നാണ് ഇഡി ചോദ്യം ചെയ്യലിൽ ഇളവ് വരുത്തിയത്. പിന്നീട് ഇന്ന് (തിങ്കളാഴ്ച) രാഹുലിനെ വീണ്ടും ഇഡി ചോദ്യം ചെയ്തു. സോണിയ ഗാന്ധിയും രാഹുലും ഡയറക്ടർമാരായ യംഗ് ഇന്ത്യ എന്ന കമ്പനി നാഷണൽ ഹെറാൾഡ് പത്രത്തിന്റെ ഓപ്പറേറ്ററായ അസോസിയേറ്റഡ് ജേണൽസ് ലിമിറ്റഡിൻ്റെ (എജെഎൽ) ബാധ്യതകളും ഓഹരികളും ഏറ്റെടുത്തതിൽ എന്തെങ്കിലും കള്ളപ്പണ ഇടപാട് നടന്നിട്ടുണ്ടോയെന്ന് എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് അന്വേഷിക്കുന്നുണ്ട്.