ന്യൂഡൽഹി: നാഷണൽ ഹെറാൾഡ് പത്രവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഇഡിയുടെ ചോദ്യം ചെയ്യലിനെ ഭയമില്ലെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. “ജനാധിപത്യത്തിൽ വിശ്വസിക്കുന്ന എല്ലാവരും എന്നോടൊപ്പമുണ്ട്, പിന്നെ ഞാനെന്തിന് ഭയപ്പെടണം?” അദ്ദേഹം ചോദിച്ചു. കോൺഗ്രസ് നേതാവിനെ ഭയപ്പെടുത്താൻ കഴിയില്ലെന്ന് എന്നെ ചോദ്യം ചെയ്ത ഉദ്യോഗസ്ഥർക്ക് പോലും മനസ്സിലായി. കോൺഗ്രസിനെ ഭയപ്പെടുത്താൻ കഴിയില്ല, ഒപ്പം നിന്നതിന് എല്ലാവരോടും നന്ദി പറയുന്നു,” രാഹുൽ ഗാന്ധി പറഞ്ഞു. എഐസിസി ആസ്ഥാനത്ത് നടന്ന പ്രതിഷേധ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേസിൽ കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ 50 മണിക്കൂറിലധികം രാഹുൽ ഗാന്ധിയെ ഇഡി ചോദ്യം ചെയ്തിരുന്നു. സേനയിലെ നിയമനത്തിനായി കേന്ദ്രസർക്കാർ പ്രഖ്യാപിച്ച അഗ്നിപഥ് പദ്ധതിക്കെതിരെയും, രാഹുൽ ഗാന്ധിയെ ഇഡി ചോദ്യം ചെയ്തതിനെതിരെയും കോൺഗ്രസ് പ്രതിഷേധം തുടരുന്നതാണ്. ഇന്ന് ചോദ്യം ചെയ്യൽ ഇല്ലാത്തതിനാലാണ് എഐസിസി ആസ്ഥാനത്ത് പ്രതിഷേധം നടന്നത്. ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗലും പ്രതിഷേധത്തിൽ പങ്കെടുത്തു.