ബ്രിട്ടൻ: എലിസബത്ത് രാജ്ഞിക്ക് അവസാന നാളുകളിൽ അർബുദം ബാധിച്ചിരുന്നതായി വെളിപ്പെടുത്തൽ. ഫിലിപ്പ് രാജകുമാരന്‍റെ സുഹൃത്ത് ഗെയിൽസ് ബ്രാൻഡർത്ത് പുറത്തിറക്കിയ പുസ്തകത്തിലാണ് വെളിപ്പെടുത്തൽ. എലിസബത്ത് രാജ്ഞിക്ക് തന്‍റെ അവസാന നാളുകളിൽ ബോണ്‍ മാരോ കാൻസർ ബാധിച്ചിരുന്നുവെന്ന് എലിസബത്ത് ആൻ ഇന്‍റിമേറ്റ് പോർട്രെയിറ്റ് എന്ന പുസ്തകത്തിൽ വിശദീകരിക്കുന്നു. ബ്രിട്ടീഷ് രാജ്ഞി വാർദ്ധക്യസഹജമായ അസുഖത്തെ തുടർന്നാണ് മരിച്ചതെന്ന മരണ സർട്ടിഫിക്കറ്റിലെ മരണകാരണത്തിന് വിരുദ്ധമാണ് പുസ്തകത്തിലെ അവകാശവാദം.
എലിസബത്ത് രാജ്ഞിയുടെ അവസാന നാളുകളിൽ നടക്കാനുള്ള ബുദ്ധിമുട്ടിനും ശരീരഭാരം കുറയുന്നതിനും മൈലോമ കാരണമായിരുന്നുവെന്ന് പുസ്തകം വിശദീകരിക്കുന്നു. രാജ്ഞിക്ക് അസ്ഥികളിൽ കഠിനമായ വേദന അനുഭവപ്പെട്ടതായും പുസ്തകം അവകാശപ്പെടുന്നു. ലോക്ക്ഡൗൺ സമയത്ത് ഫിലിപ്പ് രാജകുമാരൻ രാജ്ഞിയുടെ കൂട്ടാളിയായിരുന്നുവെന്നും പുസ്തകം വാദിക്കുന്നു. രാജ്ഞിയുടെ മരണസമയത്ത് കൂടെയുണ്ടായിരുന്നവരെ കുറിച്ചും പുസ്തകത്തിൽ പരാമർശിക്കുന്നതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. സ്കോട്ട്ലൻഡിലെ നാഷണൽ റെക്കോർഡ്സ് പ്രകാരം സെപ്റ്റംബർ എട്ടിന് വൈകിട്ട് 3.10 നാണ് രാജ്ഞിയുടെ മരണം സംഭവിച്ചത്.
ഫിലിപ്പ് രാജകുമാരന്‍റെ മരണശേഷം രാജ്ഞിയിൽ നിസ്സംഗത പ്രകടമായിരുന്നുവെന്നും പുസ്തകം വിശദീകരിക്കുന്നു. ഇടുപ്പിലും മുതുകിലും അർബുദം മൂലമുണ്ടായ കഠിനമായ വേദന രാജ്ഞി സഹിച്ചുവെന്നും ആത്മകഥാ വിഭാഗത്തിലെ പുസ്തകം അവകാശപ്പെടുന്നു. എലിസബത്ത് രാജ്ഞി കിരീടധാരണത്തിന്‍റെ 70-ാം വർഷത്തിലാണ് മരിച്ചത്.