ഇന്ത്യൻ വന്യജീവി ശാസ്ത്രജ്ഞ ഡോ. പൂർണിമാദേവി ബർമന് ഐക്യരാഷ്ട്രസഭയുടെ പരമോന്നത പാരിസ്ഥിതിക ബഹുമതിയായ ചാമ്പ്യൻസ് ഓഫ് ദി എർത്ത് പുരസ്കാരം നൽകി ആദരിച്ചു. ആവാസ വ്യവസ്ഥയുടെ അപചയത്തെ ചെറുക്കാനുള്ള ശ്രമങ്ങൾക്കാണ് പുരസ്കാരം ലഭിച്ചത്.
കൊറ്റികളിലെ ഏറ്റവും വലിയ ഇനമായ വയൽനായ്ക്കനെ (ഗ്രേറ്റർ അഡ്ജുറ്റന്‍റ് സ്റ്റോർക്ക്) വംശനാശത്തിൽ നിന്ന് സംരക്ഷിക്കാൻ ‘ഹർഗില ആർമി’ എന്ന വനിതാ പരിസ്ഥിതി സംരക്ഷണ പ്രസ്ഥാനത്തിന് തുടക്കമിട്ടത് പൂർണിമയാണ്. ഇന്ന് 10,000 സ്ത്രീകളാണ് ഈ പ്രസ്ഥാനത്തിലുള്ളത്.
മനുഷ്യ-വന്യജീവി സംഘർഷത്തെ അതിജീവിച്ച് ഇരുകൂട്ടർക്കും നേട്ടമുണ്ടാക്കാനുള്ള ശ്രമമാണ് പൂർണിമയുടെ പ്രവർത്തനമെന്ന്, യുഎൻ എൻവയോൺമെന്റൽ പ്രോഗ്രാം എക്സിക്യൂട്ടീവ് ഡയറക്ടർ ഇങ്കർ ആൻഡേഴ്സൺ പറഞ്ഞു. അഞ്ച് പേർക്ക് ഈ വർഷത്തെ ചാമ്പ്യൻസ് ഓഫ് ദി എർത്ത് അവാർഡ് ലഭിച്ചു.