ടെഹ്റാൻ: ഇറാനിൽ പൊലീസ് കസ്റ്റഡിയിലെടുത്ത 22 കാരിയായ മഹ്സ അമിനിയുടെ മരണത്തെ തുടർന്ന് ആരംഭിച്ച പ്രതിഷേധം എട്ട് ദിവസത്തിലേക്ക് കടക്കുമ്പോൾ മരണസംഖ്യ ഉയരുകയാണ്. ഔദ്യോഗിക കണക്കുകൾ പ്രകാരം മരണസംഖ്യ 41 ആയി. 60 സ്ത്രീകളടക്കം 700 പേരെ അറസ്റ്റ് ചെയ്തു. അമിനിയുടെ മരണത്തോടെ തുടങ്ങിയ പ്രതിഷേധം രാജ്യമെമ്പാടും വ്യാപിക്കുകയാണ്.
പ്രതിഷേധം ശക്തമായതോടെ ഇറാനിൽ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. വാട്ട്സ്ആപ്പ്, സ്കൈപ്പ്, ലിങ്ക്ഡ്ഇൻ, ഇൻസ്റ്റാഗ്രാം എന്നിവക്കാണ് നിയന്ത്രണം. നൂറുകണക്കിന് മാധ്യമപ്രവർത്തകരും ആക്ടിവിസ്റ്റുകളും അറസ്റ്റിലായി.
പ്രതിഷേധക്കാർ പൊതു, സ്വകാര്യ മുതലുകൾക്ക് തീയിട്ടുവെന്ന് ഇറാൻ സർക്കാർ പറയുന്നു. 41 പേരുടെ മരണ സംഖ്യ സർക്കാർ ഔദ്യോഗികമായി പുറത്തുവിട്ടപ്പോൾ, ഇറാൻ ആസ്ഥാനമായുള്ള മനുഷ്യാവകാശ സംഘടനയായ ഓസ്ലോ മരണസംഖ്യ 54 ആയി ഉയർന്നതായി പറയുന്നു. സ്ത്രീകൾ ഹിജാബ് വലിച്ചെറിയുകയും കത്തിക്കുകയും പൊതുനിരത്തുകളിൽ മുടി മുറിക്കുകയും ചെയ്യുന്നതിന്‍റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.