തിരുവനന്തപുരം: വിഴിഞ്ഞം പൊലീസ് സ്റ്റേഷൻ പരിസരത്ത് സംഘർഷാവസ്ഥ. വിഴിഞ്ഞം തുറമുഖത്തിന്റെ നിർമ്മാണത്തിനെതിരെ സമരം ചെയ്യുന്നവര്‍ പൊലീസ് സ്റ്റേഷൻ വളഞ്ഞു. ശനിയാഴ്ചത്തെ പ്രതിഷേധവുമായി ബന്ധപ്പെട്ട് അഞ്ചോളം പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇവരെ മോചിപ്പിക്കണമെന്ന ആവശ്യവുമായാണ് പ്രതിഷേധക്കാർ എത്തിയത്. വൈദികർ ഉൾപ്പെടെയുള്ളവരാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്.
പ്രതിഷേധക്കാർ രണ്ട് പൊലീസ് ജീപ്പുകൾ ആക്രമിക്കുകയും വാൻ തടയുകയും ചെയ്തതായാണ് വിവരം. വിഴിഞ്ഞം ഇൻസ്പെക്ടർ, അസി.കമ്മിഷണർ എന്നിവർ ഉൾപ്പെടെ 12 പൊലീസുകാർക്ക് പരിക്കേറ്റു. 2 പേരുടെ നില ഗുരുതരമാണ്. ഒരാളെ തിരുവനന്തപുരം മെഡിക്കൽ കോളേജിലും മറ്റൊരാളെ വിഴിഞ്ഞത്തെ ആശുപത്രിയിലും പ്രവേശിപ്പിച്ചതായാണ് സൂചന. 200 ഓളം പൊലീസുകാരെ കൂടി സ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്. തിരുവനന്തപുരം ഡിസിപിയുടെ നേതൃത്വത്തിൽ പ്രത്യേക പൊലീസ് സേനയെ സജ്ജമാക്കിയിട്ടുണ്ട്.
തുറമുഖ നിർമ്മാണത്തിനായി കല്ലുകളുമായി പോയ ലോറികൾ പദ്ധതി പ്രദേശത്തേക്ക് പ്രവേശിക്കുന്നത് തടഞ്ഞതിനെ തുടർന്നാണ് ശനിയാഴ്ച വിഴിഞ്ഞത്ത് രണ്ട് കൂട്ടം ആളുകൾ തമ്മിൽ സംഘർഷമുണ്ടായത്. 21 പേർക്ക് പരിക്കേറ്റു. സംഘർഷം ലഘൂകരിക്കാൻ പൊലീസും ജില്ലാ ഭരണകൂടവും സ്ഥലത്തെത്തി ചർച്ച നടത്തിയിരുന്നു.