കൊളംബോ: സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ശ്രീലങ്കയിൽ ജനങ്ങളുടെ പ്രതിഷേധം ആളിക്കത്തുന്നു. സ്ഥാനമൊഴിഞ്ഞ പ്രധാനമന്ത്രി റനിൽ വിക്രമസിംഗെയുടെ സ്വകാര്യ വസതിക്ക് പ്രതിഷേധക്കാർ തീയിട്ടു. പ്രതിഷേധക്കാർ വിക്രമസിംഗെയുടെ വസതിയിലേക്ക് ഇരച്ചുകയറുകയും അദ്ദേഹത്തിന്‍റെ വസതിക്ക് തീയിടുകയും ചെയ്തതായി പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
പ്രതിഷേധക്കാരെ തുരത്താൻ കണ്ണീർ വാതകം പ്രയോഗിച്ചെങ്കിലും അവർ പ്രധാനമന്ത്രിയുടെ വസതിയിൽ പ്രവേശിക്കുകയായിരുന്നു. അവിടെയുണ്ടായിരുന്ന വാഹനങ്ങളും തകർന്നു. പ്രതിഷേധക്കാരും സൈനികരും സംയമനം പാലിക്കണമെന്ന് വിക്രമസിംഗെ ആവശ്യപ്പെട്ടു. ഈ വർഷം മെയ് മാസത്തിൽ പ്രധാനമന്ത്രിയായി ചുമതലയേറ്റ റനിൽ വിക്രമസിംഗെ പ്രതിഷേധത്തെ തുടർന്ന് ശനിയാഴ്ചയാണ് രാജിവച്ചത്.
പ്രതിഷേധം സർവകക്ഷി ഭരണകൂടത്തിനെതിരെ തിരിയുമെന്ന് വ്യക്തമായതിനെ തുടർന്നാണ് വിക്രമസിംഗെ രാജിവെച്ചത്. പ്രസിഡന്‍റ് ഗോതബയ രാജപക്സെ ബുധനാഴ്ച രാജിവച്ചേക്കും. 30 ദിവസത്തേക്കാണ് സ്പീക്കർ പ്രസിഡന്‍റ് സ്ഥാനം ഏറ്റെടുക്കുക. അതേസമയം, പാർലമെന്‍റ് പുതിയ പ്രസിഡന്‍റിനെയും തിരഞ്ഞെടുക്കും.