ഹൈദരാബാദ്: കേന്ദ്ര സർക്കാരിന്റെ നിർദ്ദിഷ്ട അഗ്നിപഥ് പദ്ധതിക്കെതിരെ രാജ്യവ്യാപകമായി പ്രതിഷേധം തുടരുകയാണ്. തെലങ്കാനയിലെ സെക്കന്തരാബാദിൽ പ്രക്ഷോഭം അക്രമാസക്തമായതിനെ തുടർന്ന് ഒരാൾ കൊല്ലപ്പെടുകയും 15 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. സെക്കന്തരാബാദ് റെയിൽവേ സ്റ്റേഷനിൽ പ്രതിഷേധക്കാർ അക്രമവും തീവെപ്പും നടത്തിയതിനെ തുടർന്ന് പോലീസ് ആകാശത്തേക്ക് വെടിയുതിർക്കുകയായിരുന്നു. റെയിൽവേ ട്രാക്ക് ഉപരോധിച്ചതിനാൽ മൂന്ന് മണിക്കൂറോളം ട്രെയിൻ സർവീസുകൾ പൂർണ്ണമായും തടസ്സപ്പെട്ടു. വെള്ളിയാഴ്ച രാവിലെ 350 ലധികം പ്രതിഷേധക്കാർ സെക്കന്തരാബാദ് റെയിൽവേ സ്റ്റേഷനിൽ എത്തി. ഇവരെ നിയന്ത്രിക്കാൻ ആവശ്യമായ സുരക്ഷാ ഉദ്യോഗസ്ഥർ ആ സമയത്ത് സ്റ്റേഷനിൽ ഉണ്ടായിരുന്നില്ല.
ബിഹാറിൽ മൂന്നാം ദിവസവും പ്രതിഷേധം തുടരുകയാണ്. ഉപമുഖ്യമന്ത്രി രേണു ദേവിയുടെ വീടിനു നേരെയാണ് പ്രതിഷേധക്കാർ ആക്രമണം നടത്തിയത്. ബിഹാറിലെ സമസ്തിപൂരിൽ പ്രതിഷേധക്കാർ സമ്പർക്ക ക്രാന്തി എക്സ്പ്രസിന് തീയിട്ടു. മൊഹിയുദ്ദീൻ നഗർ റെയിൽവേ സ്റ്റേഷനിൽ ജമ്മു താവി എക്സ്പ്രസ് ട്രെയിനിന്റെ രണ്ട് കോച്ചുകളും പ്രതിഷേധക്കാർ അഗ്നിക്കിരയാക്കി. യാത്രക്കാർക്കൊന്നും പരിക്കേറ്റിട്ടില്ല. ബിഹാറിൽ ബിജെപി എംഎൽഎയുടെ വീടിനു നേരെയും ആക്രമണമുണ്ടായി. ഉത്തർപ്രദേശിലെ ബല്ലിയ റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ കോച്ച് പ്രതിഷേധക്കാർ അഗ്നിക്കിരയാക്കി. റെയിൽവേ സ്റ്റേഷനും ആക്രമിക്കപ്പെട്ടു.
വെള്ളിയാഴ്ചത്തെ പ്രതിഷേധം 200 ലധികം ട്രെയിൻ സർവീസുകളെ ബാധിച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 35 ട്രെയിൻ സർവീസുകൾ പൂർണമായും 13 എണ്ണം ഭാഗികമായും റദ്ദാക്കി.