തിരുവനന്തപുരം: വിമാനത്തിനുള്ളിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരായ പ്രതിഷേധവുമായി ബന്ധപ്പെട്ട് എയർലൈൻ മാനേജർ പൊലീസിൽ നൽകിയ റിപ്പോർട്ടിനെതിരെ പരാതിയുമായി പ്രതിപക്ഷം. എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജന്റെ പേര് സമ്മർദ്ദത്തെ തുടർന്നാണ് റിപ്പോർട്ടിൽ ഉൾപ്പെടുത്താതിരുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ഇൻഡിഗോ സൗത്ത് ഇന്ത്യ മേധാവി വരുൺ ദ്വിവേദിയെ ഫോണിലൂടെ അറിയിച്ചു. രേഖാമൂലം പരാതി നൽകാൻ വരുണ് ദ്വിവേദി അഭ്യര്‍ഥിച്ചതിനെ തുടർന്ന് പ്രതിപക്ഷ നേതാവ് രേഖാമൂലം പരാതി നൽകി.
കണ്ണൂർ സ്വദേശിയായ വിമാനക്കമ്പനി മാനേജർ വ്യാജ റിപ്പോർട്ടാണ് നൽകിയതെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. സംഭവം നടക്കുമ്പോൾ മുഖ്യമന്ത്രി വിമാനത്തിൽ ഉണ്ടായിരുന്നില്ലെന്ന് ഇ പി ജയരാജൻ മാധ്യമങ്ങളോട് പറഞ്ഞിട്ടുണ്ട്. റിപ്പോർട്ട് പോലീസ് സമ്മർദ്ദത്തിനും രാഷ്ട്രീയ സമ്മർദ്ദത്തിനും വഴങ്ങിയാണെന്നും മാനേജർക്കെതിരെ നടപടി വേണമെന്നും റിപ്പോർട്ട് പിന്‍വലിക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.