ന്യൂഡല്‍ഹി: സംരക്ഷിത വനമേഖലകളുടെ അതിർത്തിയിൽ നിന്ന് ഒരു കിലോമീറ്റർ അകലെ പരിസ്ഥിതി ലോല മേഖലയായി നിലനിർത്തണമെന്ന് സുപ്രീം കോടതി. ഒരു തരത്തിലുമുള്ള വികസന, നിർമ്മാണ പ്രവർത്തനങ്ങളും ഈ പ്രദേശത്ത് അനുവദനീയമല്ല. നിലവിൽ അതാത് സംസ്ഥാനങ്ങളിലെ പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്ററുടെ അനുമതിയോടെ മാത്രമേ പ്രദേശത്തെ വികസന പ്രവർത്തനങ്ങൾ തുടരാനാകൂവെന്നും കോടതി വ്യക്തമാക്കി.
ടി.എൻ.ഗോദവർമ്മൻ തിരുമുൽപ്പാട് വനസംരക്ഷണവുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയുടെ മുമ്പാകെ നൽകിയ ഹർജി പരിഗണിക്കുകയായിരുന്നു. ജസ്റ്റിസുമാരായ എൽ.നാഗേശ്വര റാവു, ബി.ആർ. ഗവായ്, അനിരുദ്ധ ബോസ് എന്നിവരടങ്ങിയ അവധിക്കാല ബെഞ്ചിൻറേതാണ് ഉത്തരവ്. രാജസ്ഥാനിലെ ജാംവ രാംഗഡ് വന്യജീവി സങ്കേതത്തിൽ ഖനനത്തിനുള്ള നഷ്ടപരിഹാരം കണക്കാക്കാൻ കേന്ദ്ര ഉന്നതാധികാര സമിതിക്ക് സുപ്രീം കോടതി നിർദേശം നൽകി.