Spread the love

ന്യൂയോർക്ക്: ഗർഭഛിദ്രം നിയമവിധേയമാക്കിയ ഉത്തരവ് റദ്ദാക്കിയ യുഎസ് സുപ്രീം കോടതിക്കെതിരെ രൂക്ഷവിമർശനവുമായി അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. സ്ത്രീകളുടെ ഗർഭച്ഛിദ്രത്തിനുള്ള അവകാശം ഉറപ്പാക്കുന്നതിൽ നിർണായകമായ റോയ് വെയ്‌ഡ് തീരുമാനം അസാധുവാക്കുന്നതിൽ സുപ്രീം കോടതിക്ക് “ദാരുണമായ പിഴവ്” സംഭവിച്ചുവെന്നാണ് ജോ ബൈഡന്‍ പ്രതികരിച്ചത്. ഈ വിധി രാജ്യത്തെ 150 വർഷം പിന്നോട്ട് കൊണ്ടുപോകുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

15 ആഴ്ചകൾക്ക് ശേഷവും ഗർഭച്ഛിദ്രം നടത്താൻ ആഗ്രഹിക്കുന്ന സ്ത്രീകൾക്കുള്ള ഭരണഘടനാപരമായ പരിരക്ഷകൾ അവസാനിപ്പിക്കാൻ യുഎസ് സുപ്രീം കോടതി തീരുമാനിച്ച് മണിക്കൂറുകൾക്ക് ശേഷമാണ് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ രാജ്യത്തെ അഭിസംബോധന ചെയ്തത്. ഒരു സ്ത്രീയുടെ അവകാശങ്ങൾ സംരക്ഷിക്കാൻ പരമാവധി ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഗർഭച്ഛിദ്ര വിധി അമേരിക്കയെ ലോകത്തിന് മുന്നിൽ മോശമായി ചിത്രീകരിക്കും. “ഇത് അങ്ങേയറ്റം അപകടകരമായ പാതയാണെന്ന്” പറഞ്ഞ യുഎസ് പ്രസിഡന്റ്, എല്ലാ പ്രതിഷേധങ്ങളും സമാധാനപരമായി നടത്താൻ ഗർഭച്ഛിദ്ര സംവാദ പ്രവർത്തകരോട് അഭ്യർത്ഥിച്ചു. അതേസമയം, ഗർഭച്ഛിദ്ര വിധി ഗർഭനിരോധനത്തെയും സ്വവർഗ വിവാഹ അവകാശങ്ങളെയും ദുർബലപ്പെടുത്തുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. രാജ്യത്തെ വനിതകളുടെ ആരോഗ്യവും ജീവനും അപകടത്തിലാണെന്ന് പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞു.

By newsten