കൊച്ചി: 2036 ആകുമ്പോഴേക്കും കേരളത്തിൽ അഞ്ചിൽ ഒരാൾ മുതിർന്ന പൗരനാകുമെന്ന് കണക്കുകൾ വ്യക്തമാക്കുന്നുവെന്ന് മന്ത്രി പി രാജീവ്. അതുകൊണ്ട് തന്നെ വികസന പ്രതിസന്ധികളുടെ രണ്ടാം തലമുറയിലേക്കാണ് കേരളം നീങ്ങുന്നത്. ഈ പ്രതിസന്ധികൾക്ക് പരമാവധി പരിഹാരം കാണാനുള്ള ശ്രമത്തിലാണ് സർക്കാർ. ഓരോ മനുഷ്യനും അഭിമാനത്തോടെ ജീവിക്കാനും മരിക്കാനും കഴിയുന്ന ഒരു അന്തരീക്ഷം ഉറപ്പാക്കണമെന്ന് അദ്ദേഹം പറഞ്ഞു. അന്താരാഷ്ട്ര വയോജന ദിനത്തോടനുബന്ധിച്ച് സാമൂഹ്യനീതി വകുപ്പ് സംഘടിപ്പിച്ച ‘വയോജന സംരക്ഷണ നിയമവും വയോജന പരിരക്ഷയും’ എന്ന വിഷയത്തിൽ സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രായമായവർക്ക് അർഹമായ ചികിത്സ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്തമാണെന്നും അദ്ദേഹം പറഞ്ഞു. ടി.ജെ. വിനോദ് എം.എൽ.എ അധ്യക്ഷത വഹിച്ചു. മേയർ എം.അനിൽകുമാർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, കോർപറേഷൻ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഷീബ ലാൽ, ജില്ലാ സാമൂഹിക നീതി ഓഫിസർ കെ.കെ.ഉഷ തുടങ്ങിയവർ പ്രസംഗിച്ചു. ചടങ്ങിൽ പങ്കെടുത്ത ഏറ്റവും മുതിർന്ന പൗരന്മാരെയും വയോജന പരിപാലകരായ മുതിർന്ന പൗരന്മാരെയും ആദരിച്ചു. സെമിനാറിനു മുന്നോടിയായി വയോജനങ്ങളുടെ നേതൃത്വത്തിൽ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.