ന്യൂഡൽഹി: വായു മലിനീകരണം രൂക്ഷമായതിനെ തുടർന്ന് ശനിയാഴ്ച മുതൽ ഡൽഹിയിലെ പ്രൈമറി സ്കൂളുകൾക്ക് അവധിയായിരിക്കുമെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. കഴിഞ്ഞ രണ്ട് ദിവസമായി ഡൽഹിയിലെ വായു ഗുണനിലവാര സൂചിക ഗുരുതരാവസ്ഥയിൽ തുടരുന്ന സാഹചര്യത്തിലാണ് തീരുമാനം. പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാനുമായി നടത്തിയ വാർത്താ സമ്മേളനത്തിലാണ് അരവിന്ദ് കെജ്രിവാൾ ഇക്കാര്യം അറിയിച്ചത്. 5 മുതൽ 7 വരെ ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർത്ഥികളുടെ ക്ലാസുകൾക്ക് പുറത്തുള്ള പരിപാടികൾക്ക് നിയന്ത്രണം ഏർപ്പെടുത്തുമെന്നും കെജ്രിവാൾ പ്രഖ്യാപിച്ചു.
വായു മലിനീകരണം രാജ്യം മുഴുവൻ നേരിടുന്ന ഒരു പ്രശ്നമാണ്. ഉത്തരേന്ത്യയിലെ ചില സംസ്ഥാനങ്ങളിൽ വായു മലിനീകരണം രൂക്ഷമാണ്. ദില്ലിയിലെ വായു മലിനീകരണം രൂക്ഷമായി തുടരുകയാണ്. പഞ്ചാബിലെ കർഷകർ വൈക്കോൽ കത്തിക്കുന്നതിന്‍റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നു. പഞ്ചാബിൽ സർക്കാർ രൂപീകരിച്ചിട്ട് ആറ് മാസമേ ആയിട്ടുള്ളൂ. പുല്ല് കത്തിക്കുന്നത് നിയന്ത്രിക്കാനുള്ള നടപടികൾ സ്വീകരിച്ചു വരികയാണ്. അടുത്ത വർഷത്തോടെ വായു മലിനീകരണം കുറയ്ക്കാനാകുമെന്നും കെജ്രിവാൾ പറഞ്ഞു.
ഇത്തവണ നെല്ല് ഉത്പാദനം റെക്കോർഡ് നിരക്കിൽ ആയതിനാലാണ് പുല്ല് കൂടുതൽ കത്തിക്കേണ്ടി വന്നതെന്ന് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ പറഞ്ഞു. താങ്ങുവില ഉറപ്പാക്കാനും നെൽക്കൃഷിക്ക് കീഴിൽ അടുത്ത വർഷം മുതൽ കൂടുതൽ പച്ചക്കറികൾ ഉത്പാദിപ്പിക്കാനും പദ്ധതികൾ ആവിഷ്കരിക്കുമെന്ന് ഭഗവന്ത് മാൻ പറഞ്ഞു. ഡൽഹിയിലെ വായു മലിനീകരണത്തിന്‍റെ 34 ശതമാനവും പുല്ല് കത്തിക്കുന്നത് മൂലമാണെന്നാണ് റിപ്പോർട്ട്. ശ്വാസതടസ്സം ഉൾപ്പെടെയുള്ള ആരോഗ്യ പ്രശ്നങ്ങൾ പലർക്കും ഉണ്ടായിരുന്നു. ഡൽഹിയിലെ എല്ലാ നിർമ്മാണ പ്രവർത്തനങ്ങളും താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്.