തിരുവനന്തപുരം: സംസ്ഥാനത്ത് വില കുറഞ്ഞ മദ്യത്തിനു ക്ഷാമം രൂക്ഷമാകുന്നു. എക്സൈസ് തീരുവ മുൻകൂറായി അടയ്ക്കണമെന്ന നിർദേശത്തിൻറെ പേരിൽ വിതരണക്കാർ ആവശ്യത്തിന് മദ്യം എത്തിക്കാത്തതും സ്പിരിറ്റിൻറെ ഉയർന്ന വിലയുമാണ് പ്രതിസന്ധിക്ക് കാരണം. സംസ്ഥാനത്ത് മദ്യദുരന്തം ഒഴിവാക്കാൻ ജാഗ്രത പുലർത്തണമെന്ന് എക്സൈസ് മുന്നറിയിപ്പ് നൽകിയിട്ടും പ്രശ്നം പരിഹരിക്കാൻ സർക്കാർ ശ്രമിക്കുന്നില്ല. വിലകുറഞ്ഞ മദ്യം ലഭ്യമല്ലാത്തതിനാൽ കടകളിലെ ജീവനക്കാരും ഉപഭോക്താക്കളും തമ്മിലുള്ള തർക്കങ്ങളും പതിവായിട്ടുണ്ട്.
സ്പിരിറ്റിൻറെ (ഇഎൻഎ) വില വർദ്ധനവ് കാരണം മദ്യക്കമ്പനികളുടെ ഉൽപാദനം കുറഞ്ഞതാണ് പ്രതിസന്ധിക്ക് കാരണം. സ്പിരിറ്റിൻറെ വില ലിറ്ററിന് 15 രൂപയിലധികം വർദ്ധിച്ചതോടെ ചെറുകിട കമ്പനികൾ പ്രതിസന്ധിയിലായിരിക്കുകയാണ്. മദ്യത്തിൻറെ വില വർദ്ധിപ്പിക്കാതെ മുന്നോട്ട് പോകാൻ കഴിയില്ലെന്ന് കമ്പനികൾ സർക്കാരിനെ അറിയിച്ചിട്ടുണ്ട്. മഹാരാഷ്ട്ര, പഞ്ചാബ്, കർണാടക എന്നിവിടങ്ങളിൽ നിന്നാണ് സ്പിരിറ്റ് കേരളത്തിലേക്ക് വരുന്നത്.
സ്പിരിറ്റിൻറെ ഒഴുക്ക് കുറഞ്ഞപ്പോൾ, ചെറുകിട കമ്പനികൾ ഉൽപാദനം ഗണ്യമായി കുറച്ചു. ജനപ്രിയ ബ്രാൻഡുകൾ ലഭ്യമല്ലാത്തതിനാൽ ഉപഭോക്താക്കൾ കടകളിൽ പ്രതിഷേധിക്കുന്ന സാഹചര്യവുമുണ്ട്. മറ്റ് സംസ്ഥാനങ്ങളിലെ കമ്പനികളിൽ നിന്ന് മദ്യം എത്തിച്ച് പ്രതിസന്ധി പരിഹരിക്കാനാണ് ബിവറേജസ് കോർപ്പറേഷൻ ശ്രമിക്കുന്നത്.