ന്യൂഡൽഹി: മുതിർന്ന കോൺഗ്രസ് നേതാവ് മല്ലികാർജുൻ ഖാർഗെ, ശശി തരൂർ എംപി എന്നിവരുടെ നാമനിർദ്ദേശ പത്രിക സൂക്ഷ്മ പരിശോധനയ്ക്ക് ശേഷം സ്വീകരിച്ചു. ജാർഖണ്ഡ് മുൻ മന്ത്രി കെ എൻ ത്രിപാഠിയുടെ നാമനിർദ്ദേശ പത്രിക തള്ളി. ഒപ്പിലെ വ്യത്യാസം കാരണമാണ് ത്രിപാഠിയുടെ പത്രിക തള്ളിയതെന്ന് തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ മധുസൂതൻ മിസ്ത്രി പറഞ്ഞു.
ഖാർഗെ കേരള ഹൗസിലെത്തി മുതിർന്ന നേതാവ് എ.കെ ആന്‍റണിയുമായി കൂടിക്കാഴ്ച നടത്തി. അടച്ചിട്ട മുറിയിൽ അരമണിക്കൂറോളം ഇരുനേതാക്കളും കൂടിക്കാഴ്ച നടത്തി. ആന്‍റണിയോട് നന്ദി പറയാനാണ് താൻ വന്നതെന്നും മത്സരം വ്യക്തിപരമല്ലെന്നും ഖാർഗെ പറഞ്ഞു. ആന്‍റണി യോഗത്തെക്കുറിച്ച് പ്രതികരിക്കാൻ വിസമ്മതിച്ചു. ഖാർഗെയുടെ നാമനിർദ്ദേശ പത്രികയിൽ ആദ്യം ഒപ്പിട്ടത് ആന്‍റണിയാണ്.
അതേസമയം, മഹാരാഷ്ട്രയിലെ നാഗ്പൂരിലെ ബുദ്ധക്ഷേത്രമായ ദീക്ഷഭൂമി സന്ദർശിച്ചാണ് തരൂർ പ്രചാരണത്തിന് തുടക്കമിട്ടത്. ഡോ. ബി.ആർ അംബേദ്കറും അനുയായികളും ഇവിടെയാണ് ബുദ്ധമതം സ്വീകരിച്ചത്. ഞായറാഴ്ച വാർധയിൽ മഹാത്മാഗാന്ധി സ്ഥാപിച്ച സേവാഗ്രാം ആശ്രമവും പന്‍വാറില്‍ വിനോബഭാവെയുടെ ആശ്രമവും സന്ദര്‍ശിക്കുന്ന തരൂർ മഹാരാഷ്ട്രയിലെ കോൺഗ്രസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തും. ഒക്ടോബർ 17നാണ് കോൺഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പ് നടക്കുന്നത്.