ഡൽഹി: രാഷ്ട്രപതി തിരഞ്ഞെടുപ്പിലെ സംയുക്ത പ്രതിപക്ഷ സ്ഥാനാർത്ഥി യശ്വന്ത് സിൻഹ ഇന്ന് നാമനിർദ്ദേശ പത്രിക സമർപ്പിക്കും. കോൺഗ്രസ്, തൃണമൂൽ, ഇടതുപാർട്ടികൾ ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികളുടെ നേതാക്കളും സിൻഹയെ അനുഗമിക്കും. ഉച്ചയ്ക്ക് 12.15ന് അദ്ദേഹം രാജ്യസഭാ സെക്രട്ടറി ജനറലിന് നാമനിർദ്ദേശ പത്രിക സമർപ്പിക്കും. പ്രതിപക്ഷ നേതാക്കൾ യോഗം ചേർന്ന് തന്ത്രങ്ങൾ ചർച്ച ചെയ്ത ശേഷം മാധ്യമങ്ങളോട് സംസാരിക്കും.
പ്രസിഡൻറ് തിരഞ്ഞെടുപ്പ് വ്യക്തിപരമായ മത്സരം മാത്രമല്ലെന്നും എന്നാൽ സർക്കാരിൻറെ സ്വേച്ഛാധിപത്യത്തെ ചെറുക്കാനുള്ള ഒരു ചുവടുവയ്പ്പാണെന്നും യശ്വന്ത് സിൻഹ പറഞ്ഞു. സർക്കാരിൻറെ നയങ്ങൾക്കെതിരെ ചെറുത്തുനിൽപ്പ് ഉണ്ടാകണമെന്ന സന്ദേശമാണ് തിരഞ്ഞെടുപ്പ് നൽകുന്നത്. ദ്രൗപദി മുർമുവിനെ ബി.ജെ.പി ഉയർത്തിക്കാട്ടിയത് രാഷ്ട്രീയമല്ലാതെ മറ്റൊന്നുമല്ല. രാജ്യത്തിൻറെ ജനാധിപത്യവും ഭരണഘടനയും ഭീഷണിയിലാണ്. ഇന്ത്യയെ സംരക്ഷിക്കാൻ ജനങ്ങൾ ഉയിർത്തെഴുന്നേൽക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർ ത്തു.
“രാഷ്ട്രപതി ഭവനിൽ മറ്റൊരു റബ്ബർ സ്റ്റാമ്പ് ഉണ്ടെങ്കിൽ അത് വലിയ ദുരന്തമായിരിക്കും” സിൻഹ പറഞ്ഞു. ബി.ജെ.പി എം.പിയായ മകൻ ജയന്ത് സിൻഹയുടെ പിന്തുണ ലഭിക്കാത്തതിൽ സങ്കടമില്ലെന്നും അദ്ദേഹം പറഞ്ഞു. അടൽ ബിഹാരി വാജ്പേയിയുടെ നേതൃത്വത്തിലുള്ള എൻഡിഎ സർക്കാരിൽ അംഗമായിരുന്നു യശ്വന്ത് സിൻഹ.