ബെംഗളൂരു: ബെള്ളാരെയിൽ കൊല്ലപ്പെട്ട യുവമോർച്ച പ്രവർത്തകൻ പ്രവീൺ നെട്ടാരുവിന് കാസർകോട് സ്വദേശിയായ മുസ്ലീം യുവാവിന്‍റെ കൊലപാതകത്തിൽ പങ്കില്ലെന്ന് ഭാര്യ നൂതന. ‘കാസർകോട് സ്വദേശി മസൂദ് (19) കൊല്ലപ്പെട്ടതിനെ തുടർന്ന് മേഖലയിൽ സംഘർഷ സാധ്യതയുണ്ടായിരുന്നു. എന്നാൽ സംഭവത്തിൽ ഭർത്താവിന് പങ്കില്ല. പ്രദേശത്തെ മുസ്ലീം സമുദായവുമായി ഞങ്ങൾക്ക് നല്ല ബന്ധമുണ്ടായിരുന്നു’ നൂതന കണ്ണീരോടെ പറഞ്ഞു. ചൊവ്വാഴ്ച രാത്രിയാണ് നെട്ടാരു കൊല്ലപ്പെട്ടത്.
“സംഘർഷ സാധ്യതയെക്കുറിച്ചു എന്‍റെ ഭർത്താവ് എന്നോട് പറഞ്ഞിരുന്നു. കൊലപാതകത്തിന് ശേഷം വളരെ കുറച്ച് ആളുകളാണ് മാർക്കറ്റിൽ എത്തിയത്. അദ്ദേഹത്തിന് കൊലപാതകവുമായി യാതൊരു ബന്ധവുമില്ല. എല്ലാത്തിൽ നിന്നും അകന്നാണ് അദ്ദേഹം പ്രവർത്തിച്ചത്. അദ്ദേഹത്തെ കൊല്ലാൻ ഒരു കാരണവുമില്ല. ചൊവ്വാഴ്ച സഹോദരിയുടെ വീട്ടിൽ ഒരു പരിപാടിയിൽ പങ്കെടുക്കേണ്ടതിനാൽ കട നേരത്തെ അടയ്ക്കേണ്ടതായിരുന്നു. ഗ്രാമത്തിലെ പലരും ഞങ്ങളെ ഏറ്റവും മികച്ച ദമ്പതികൾ എന്നാണ് വിശേഷിപ്പിക്കുന്നത്. സഹായം ആവശ്യമുള്ളവരെ സഹായിക്കുന്ന ആളായിരുന്നു പ്രവീൺ. അദ്ദേഹം സമൂഹത്തെയാണ് പരിഗണിച്ചത്. മതത്തിന്‍റെ പേരിൽ ആരെയും വെറുത്തില്ല. എന്നെ വിവാഹം കഴിക്കുന്നതിൻ മുൻപും അദ്ദേഹം ഒരു ബി.ജെ.പി പ്രവർത്തകനായിരുന്നു. അടുത്തിടെയാണ് അദ്ദേഹത്തിന് ജില്ലയുടെ ചുമതല നൽകിയത്, നൂതന മാധ്യമപ്രവർത്തകരോട് പറഞ്ഞു.