ദില്ലി: പ്രധാന തുറമുഖങ്ങളുമായുള്ള റോഡ്, റെയിൽ കണക്റ്റിവിറ്റി പദ്ധതികൾ വേഗത്തിൽ നടപ്പാക്കാൻ കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടു. കണക്റ്റിവിറ്റി പദ്ധതികൾ നടപ്പാക്കുന്നതിൽ ആവർത്തിച്ചുള്ള കാലതാമസം കാരണം സമയബന്ധിതമായി പദ്ധതി പൂർത്തിയാക്കാൻ റെയിൽവേ മന്ത്രാലയത്തോടും റോഡ് ട്രാൻസ്പോർട്ട് ആൻഡ് ഹൈവേ മന്ത്രാലയത്തോടും (എംഒആർടിഎച്ച്) ആവശ്യപ്പെട്ടിട്ടുണ്ട്. കേന്ദ്രസർക്കാരിന്റെ ഉടമസ്ഥതയിൽ ഉൾപ്പെടാത്ത തുറമുഖങ്ങളാണ് നോൺ-മേജർ തുറമുഖങ്ങൾ.
തുറമുഖങ്ങളുമായി ബന്ധിപ്പിക്കുന്ന 52 ഓളം റോഡ് നിർമ്മാണ പദ്ധതികളും 28 റെയിൽ കണക്റ്റിവിറ്റി പദ്ധതികളും അപൂർണ്ണമായി തുടരുന്നു. തുറമുഖ മേഖലയുടെ വികസനത്തിനായി ഗതാഗത മാർഗങ്ങൾ വർദ്ധിപ്പിക്കേണ്ടത് പ്രധാനമാണ്. ചരക്ക് ഗതാഗതം സുഗമമാക്കുന്നതിന് തുറമുഖത്തിനോട് ചേർന്നുള്ള ഗതാഗത മാർഗങ്ങൾ മെച്ചപ്പെടുത്തേണ്ടതിന്‍റെ ആവശ്യകതയുണ്ട്. ഇന്ത്യയിൽ എത്തുന്ന ചരക്കുകളുടെ 95 ശതമാനവും തുറമുഖങ്ങൾ വഴിയാണ് വരുന്നത്.
നിലവിൽ രാജ്യത്ത് പ്രവർത്തിക്കുന്ന 40 പ്രധാന തുറമുഖങ്ങൾക്ക് റെയിൽവേ കണക്റ്റിവിറ്റിയില്ല. 30 എണ്ണത്തിന് നാല് വരി റോഡുകളുമായോ ദേശീയ പാതകളുമായോ ബന്ധമില്ല. ഇത് വ്യവസായങ്ങളെ പ്രതികൂലമായി ബാധിക്കും. അതുകൊണ്ടാണ് തുറമുഖങ്ങളുമായി ബന്ധപ്പെട്ട വിവിധ ഗതാഗത പദ്ധതികൾ വേഗത്തിലാക്കാൻ കേന്ദ്രം ആവശ്യപ്പെട്ടത്. ഇതുസംബന്ധിച്ച് ഇരു മന്ത്രാലയങ്ങൾക്കും നോട്ടീസ് നൽകിയിട്ടുണ്ട്.