ന്യൂഡൽഹി: പോപ്പുലർ ഫ്രണ്ട് ഹർത്താലിനിടെയുണ്ടായ അക്രമസംഭവങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ എൻ.ഐ.എ ശേഖരിക്കുന്നു. കേരളത്തിൽ ആഹ്വാനം ചെയ്ത ഹർത്താലിനിടെയുണ്ടായ അക്രമസംഭവങ്ങളുടെ വിവരങ്ങളാണ് എൻ.ഐ.എ പരിശോധിക്കുന്നതെന്നാണ് വിവരം.
ഹർത്താൽ ദിനത്തിൽ അക്രമം നടത്തിയവരുടെ വിശദാംശങ്ങൾ ശേഖരിക്കുന്നതിലൂടെ താഴെത്തട്ടിൽ പോപ്പുലർ ഫ്രണ്ടിന്റെ പ്രവർത്തനങ്ങളെക്കുറിച്ച് കൃത്യമായ ധാരണ ലഭിക്കുമെന്നാണ് എൻ.ഐ.എയുടെ നിലപാട്. അതേസമയം പോപ്പുലർ ഫ്രണ്ട് നേതാവ് എ അബ്ദുൾ സത്താറിനെ ചോദ്യം ചെയ്യലിനായി അഞ്ച് ദിവസത്തെ എൻഐഎ കസ്റ്റഡിയിൽ വിട്ടു. കൊച്ചിയിലെ എൻഐഎ കോടതിയുടേതാണ് ഉത്തരവ്. കഴിഞ്ഞ ദിവസമാണ് കൊല്ലത്ത് നിന്ന് ഇയാളെ അറസ്റ്റ് ചെയ്തത്.
പോപ്പുലർ ഫ്രണ്ടിന് ലഭിച്ച വിദേശ ഫണ്ടിനെക്കുറിച്ച് വിശദമായ അന്വേഷണം ആവശ്യമാണെന്നും ഇക്കാര്യത്തിൽ അബ്ദുൾ സത്താറിനെ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) കോടതിയെ അറിയിച്ചു. തീവ്രവാദ സംഘടനകളിലേക്കുള്ള റിക്രൂട്ട്മെന്റും ബിനാമി സ്വത്തുക്കൾ വാങ്ങലും എൻഐഎ അന്വേഷിക്കുന്നുണ്ട്.