പോപ്പുലർ ഫ്രണ്ട് റാലിയിൽ വിദ്വേഷ മുദ്രാവാക്യം വിളിച്ച കേസിൽ എസ്.ഡി.പി.ഐ നേതാവിനെ കസ്റ്റഡിയിലെടുത്തു. കാഞ്ഞിരമറ്റം സ്വദേശി കെ.എച്ച് നാസറിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.
ആലപ്പുഴയിൽ പ്രായപൂർത്തിയാകാത്ത കുട്ടിയുമായി റാലിക്കിടെ പോപ്പുലർ ഫ്രണ്ട് നേതാക്കൾ വിദ്വേഷ മുദ്രാവാക്യങ്ങൾ മുഴക്കിയിരുന്നു. മുദ്രാവാക്യം വിളിച്ച 10 വയസുകാരനെ കൗണ്‍സിലിങ്ങിന് വിധേയനാക്കി. എറണാകുളം ജനറൽ ആശുപത്രിയിൽ കുട്ടിക്ക് ചൈൽഡ് ലൈൻ കൗണ്‍സിലിംഗ് നൽകി. മുദ്രാവാക്യം ആരും പഠിപ്പിച്ചതല്ലെന്നും പരിപാടികളിൽ നിന്ന് താൻ പഠിച്ചതാണെന്നും കുട്ടി പറഞ്ഞു.
നേരത്തെ വിദ്വേഷ പ്രസംഗവുമായി ബന്ധപ്പെട്ട് കുട്ടിയുടെ പിതാവ് ഉൾപ്പെടെ നാലു പേർ അറസ്റ്റിലായിരുന്നു. കുട്ടിയുടെ പിതാവ് അസ്കർ, പോപ്പുലർ ഫ്രണ്ട് പള്ളുരുത്തി ഡിവിഷൻ ഭാരവാഹികളായ ഷമീർ, സുധീർ, മരട് ഡിവിഷൻ സെക്രട്ടറി നിയാസ് എന്നിവരാണ് അറസ്റ്റിലായത്. ആലപ്പുഴ സൗത്ത് പൊലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്. മതവിദ്വേഷം പ്രചരിപ്പിക്കാൻ അവസരം നൽകിയെന്നാരോപിച്ചാണ് പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 153 എ പ്രകാരം അറസ്റ്റ് ചെയ്തത്.