ജലന്തർ: സ്കൂൾ യൂണിഫോമിൽ മീൻ വിറ്റ് വൈറലായ പെൺകുട്ടിയാണ് ഹനാൻ. യൂട്യൂബിലും സോഷ്യൽ മീഡിയയിലും സജീവമാണ് ഇവർ. ഇപ്പോഴിതാ ട്രെയിനിൽ യാത്ര ചെയ്യുന്നതിനിടെ തനിക്കുണ്ടായ ദുരനുഭവം പങ്കുവയ്ക്കുകയാണ് ഹനാൻ. യാത്രയ്ക്കിടെ മദ്യലഹരിയിലുള്ള യാത്രക്കാർ അപമര്യാദയായി പെരുമാറുകയും തന്നെ ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്തുവെന്ന് ഹനാൻ പറഞ്ഞു.
യാത്രയ്ക്കിടെ ഒരാൾ തന്റെ ദേഹത്ത് കടന്നുപിടിച്ചെന്നും ട്രെയിനിൽ ഒരു കൂട്ടം ആളുകൾ പരസ്യമായി മദ്യപിച്ചത് വീഡിയോയിൽ പകർത്തിയപ്പോൾ അപമര്യാദയായി പെരുമാറുകയും ചെയ്തുവെന്ന് ഹനാൻ പറയുന്നു. സംഭവമറിഞ്ഞെത്തിയ പൊലീസ് തന്നോട് അപമര്യാദയായി പെരുമാറിയെന്നും യുവതി ആരോപിച്ചു. ജലന്ധറിലേക്കുള്ള യാത്രയ്ക്കിടെയാണ് സംഭവം.
ജലന്ധറിൽ പരീക്ഷയെഴുതാൻ പോകവെയാണ് ഹനാന് മോശം അനുഭവം ഉണ്ടായത്. ഹനാന്റെ വീഡിയോ ശ്രദ്ധയിൽപ്പെട്ട് പൊലീസ് എത്തി. അക്രമികളെ കസ്റ്റഡിയിൽ എടുക്കുന്നതിന് പകരം ട്രെയിനിൽ നിന്ന് ഇറങ്ങാൻ പൊലീസ് തന്നോട് ആവശ്യപ്പെട്ടെന്നും ഹനാൻ ആരോപിച്ചു.