കോഴിക്കോട്: പഞ്ചാബ് നാഷണൽ ബാങ്ക് തട്ടിപ്പ് കേസിലെ പ്രതിയായ സീനിയർ മാനേജർ എം പി റിജിലിന്‍റെ മുൻകൂർ ജാമ്യാപേക്ഷ ജില്ലാ കോടതി തള്ളി. എന്നാൽ കോഴിക്കോട് കോർപ്പറേഷൻ അധികൃതരും പഞ്ചാബ് നാഷണൽ ബാങ്കിലെ ഉന്നതരും നടത്തിയ ഗൂഢാലോചനയുടെ ഭാഗമാണ് തട്ടിപ്പെന്നായിരുന്നു പ്രതിഭാഗത്തിൻ്റെ വാദം. സീനിയർ മാനേജർ പദവി ദുരുപയോഗം ചെയ്ത് റിജിൽ നടത്തിയ തട്ടിപ്പാണെന്ന പ്രോസിക്യൂഷൻ നിലപാട് അംഗീകരിച്ചാണ് മുൻകൂർ ജാമ്യാപേക്ഷ തള്ളിയത്. രാജ്യം വിടാതിരിക്കാന്‍ വിമാനത്താവളങ്ങളിൽ സർക്കുലർ പുറപ്പെടുവിച്ചിട്ടുണ്ട്.
കോർപ്പറേഷന്‍റെ അക്കൗണ്ടുമായി ബന്ധപ്പെട്ട് 21.5 കോടിയോളം രൂപ തിരിമറി നടത്തിയെന്നാണ് ബാങ്കിന്‍റെ ഓഡിറ്റ് റിപ്പോർട്ടിൽ പറയുന്നത്. സ്വകാര്യ വ്യക്തികളുടെ ഒമ്പത് അക്കൗണ്ടുകളിൽ നിന്ന് പണം തട്ടിയെടുത്തെന്ന ഓഡിറ്റ് റിപ്പോർട്ട് പഞ്ചാബ് നാഷണൽ ബാങ്ക് (പിഎൻബി) ക്രൈംബ്രാഞ്ചിന് കൈമാറി. പഞ്ചാബ് നാഷണൽ ബാങ്കിന്‍റെ ഓഡിറ്റ് റിപ്പോർട്ട് പ്രകാരം കോർപ്പറേഷന്‍റെ അക്കൗണ്ടുകൾ കൂടാതെ സ്വകാര്യ വ്യക്തികളുടെ അക്കൗണ്ടുകളിലും തിരിമറി നടത്തിയിട്ടുണ്ട്. സ്വകാര്യ വ്യക്തികളുടെ ഒമ്പത് അക്കൗണ്ടുകളിൽ നിന്നും കോർപ്പറേഷനുകളുടെ എട്ട് അക്കൗണ്ടുകളിൽ നിന്നുമാണ് പണം തട്ടിയെടുത്തത്. ഈ 17 അക്കൗണ്ടുകളിലായി ആകെ 21.5 കോടി രൂപയുടെ തിരിമറിയാണ് നടത്തിയത്. പണം ചില അക്കൗണ്ടുകളിലേക്ക് തിരികെ നിക്ഷേപിക്കുകയും ചെയ്തു.