അമരാവതി: രണ്ട് ദിവസത്തെ ആന്ധ്രാപ്രദേശ് സന്ദർശനത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വാതന്ത്ര്യസമര സേനാനി പാസാല കൃഷ്ണമൂർത്തിയുടെ കുടുംബാംഗങ്ങളുമായി കൂടിക്കാഴ്ച നടത്തി. സംസ്ഥാനത്തെ ഏറ്റവും പ്രധാനപ്പെട്ട സ്വാതന്ത്ര്യസമര സേനാനികളിൽ ഒരാളായിരുന്നു പാസാല കൃഷ്ണമൂർത്തി. മകൾ പാസാല കൃഷ്ണ ഭാരതി, സഹോദരി, മരുമകൾ എന്നിവരുമായും പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി.
വീൽചെയറിലെത്തിയ 90 കാരിയായ പാസാല കൃഷ്ണ ഭാരതിക്ക് മുന്നിൽ തലകുനിച്ച ശേഷം മോദി അവരുടെ കാൽ തൊട്ട് വന്ദിക്കുകയും അനുഗ്രഹം തേടുകയും ചെയ്തു. കൃഷ്ണ ഭാരതി മോദിയുമായി സംസാരിക്കുകയും അദ്ദേഹത്തെ അനുഗ്രഹിക്കുകയും ചെയ്തു. സ്വാതന്ത്ര്യസമര സേനാനി അല്ലൂരി സീതാരാമരാജുവിന്‍റെ വെങ്കല പ്രതിമ അനാച്ഛാദനം ചെയ്ത ശേഷമായിരുന്നു പാസാല കൃഷ്ണ മൂർത്തിയുടെ കുടുംബത്തെ പ്രധാനമന്ത്രി സന്ദർശിച്ചത്.
1921 ൽ ഭാര്യയോടൊപ്പം കോൺഗ്രസിൽ ചേർന്ന പാസാല കൃഷ്ണമൂർത്തി ഒരു യഥാർത്ഥ ഗാന്ധിയൻ ആയിരുന്നു. ഉപ്പുസത്യാഗ്രഹത്തിൽ പങ്കെടുത്തതിന്‍റെ പേരിൽ ഒരു വർഷം തടവിന് ശിക്ഷിക്കപ്പെട്ട കൃഷ്ണമൂർത്തി സ്വാതന്ത്ര്യ സമരത്തിന്‍റെ വിവിധ ഘട്ടങ്ങളിൽ പങ്കെടുക്കുകയും നിരവധി തവണ ജയിലിൽ അടയ്ക്കപ്പെടുകയും ചെയ്തു. 1978-ൽ അദ്ദേഹം മരിച്ചു.