ബൻസ്വാര: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വിദേശത്ത് വലിയ ബഹുമാനമാണ് ലഭിക്കുന്നതെന്ന് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാന്നിധ്യത്തിൽ രാജസ്ഥാനിലെ ബൻസ്വാരയിൽ മൻഗഡ് ആദിവാസി സ്വാതന്ത്ര്യസമര സേനാനികളുടെ അനുസ്മരണച്ചടങ്ങിൽ സംസാരിക്കുകയായിരുന്നു ഗെഹ്ലോട്ട്.
മോദിയെയും ഗെഹ്ലോട്ടിനെയും കൂടാതെ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ, ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു. “മോദി വിദേശത്ത് പോകുമ്പോൾ അദ്ദേഹത്തിന് വളരെയധികം ബഹുമാനം ലഭിക്കുന്നു. എന്തുകൊണ്ടാണ് അത് സംഭവിക്കുന്നത്? അദ്ദേഹം ഗാന്ധിജിയുടെ രാജ്യത്തിന്‍റെ പ്രധാനമന്ത്രിയാണ്. സ്വാതന്ത്ര്യം ലഭിച്ച് ഏഴുപതിറ്റാണ്ടിന് ശേഷവും ജനാധിപത്യം ആഴത്തിൽ വേരൂന്നിയ ഒരു രാജ്യത്തിന്‍റെ നേതാവാണ് അദ്ദേഹം. ജനങ്ങൾ അദ്ദേഹത്തെ ബഹുമാനിക്കുന്നത് ഇത് അറിയാമെന്നതിനാലാണ്” ഗെഹ്ലോട്ട് പറഞ്ഞു.
ആദിവാസി സമൂഹങ്ങളില്ലാതെ ഇന്ത്യയുടെ ഭൂതവും ഭാവിയും വർത്തമാനവും പൂർണ്ണമാകില്ലെന്ന് മോദി പറഞ്ഞു. ഗെഹ്ലോട്ടിനെക്കുറിച്ചുള്ള നല്ല വാക്കുകളും മോദി പങ്കുവെച്ചു. “അശോക് ജിയും ഞാനും മുഖ്യമന്ത്രിമാരായി ഒരുമിച്ച് പ്രവർത്തിച്ചിട്ടുണ്ട്. അക്കാലത്തെ ഏറ്റവും മുതിർന്ന മുഖ്യമന്ത്രിയും അദ്ദേഹമായിരുന്നു. ഇന്ന് വേദിയിലിരിക്കുന്ന മുഖ്യമന്ത്രിമാരിലും ഏറ്റവും മുതിർന്നയാൾ അശോക് ജിയാണ്,” മോദി പറഞ്ഞു.