സോഷ്യൽ മീഡിയയെ മറയാക്കി മുഖ്യധാരാ മാധ്യമങ്ങളുടെ വിശ്വാസ്യത തകർക്കാനുള്ള ആസൂത്രിത ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്ന് മുതിർന്ന മാധ്യമപ്രവർത്തകൻ രാജ്ദീപ് സർദേശായി. രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സമൂഹമാധ്യമങ്ങളിലെ അജണ്ടകളിലൂടെ മുഖ്യധാരാ മാധ്യമങ്ങളെ സ്വാധീനിക്കാൻ കഴിയുന്ന സാഹചര്യമാണുള്ളതെന്നും അതിനാൽ പത്രപ്രവർത്തനം ഇന്ന് ധാർമ്മിക പ്രതിസന്ധി നേരിടുകയാണെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യധാരാ മാധ്യമങ്ങളെ നിരീക്ഷിക്കുകയും ആവശ്യമെങ്കിൽ തിരുത്തുകയും ചെയ്യുന്ന ഒരു ‘വാച്ച്ഡോഗ്’ ആയി സോഷ്യൽ മീഡിയ ഇന്ന് പ്രവർത്തിക്കുന്നുണ്ടോ, അതോ അത് ഒരു ജനാധിപത്യ ഇടമായി തെറ്റിദ്ധരിക്കപ്പെടുകയാണോ എന്ന് ചർച്ച ചെയ്യേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
മുഖ്യധാരാ മാധ്യമങ്ങളുടെ വിശ്വാസ്യത തകർക്കാനുള്ള ആസൂത്രിതമായ ശ്രമങ്ങൾ നടക്കുന്നുണ്ട്. സോഷ്യൽ മീഡിയ ചിലപ്പോഴൊക്കെ ‘മറ്റൊരുതരം സത്യങ്ങളുടെ’ സമാന്തര ലോകമായി പ്രവര്‍ത്തിക്കുകയാണ്. സോഷ്യൽ മീഡിയയിൽ സജീവമായ ഇത്തരം സോഷ്യൽ മീഡിയ അക്കൗണ്ടുകൾക്കെല്ലാം ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയുടെയും പിന്തുണയുണ്ടാകും. അവർ മാധ്യമപ്രവര്‍ത്തനത്തിന്റെ ഭാവി തന്നെ നശിപ്പിക്കുകയാണ്. അത്തരം ആര്‍മികളിലൂടെ, രാഷ്ട്രീയ പാർട്ടികൾക്ക് മാധ്യമങ്ങളുടെ പ്രവർത്തനത്തിന്‍റെ ധാർമ്മികതയെ സ്വാധീനിക്കാനും ന്യൂസ്റൂം അജണ്ട രൂപീകരിക്കാനും കഴിയും. രാഷ്ട്രീയ പാർട്ടികളുടെ സോഷ്യൽ മീഡിയ മാനേജർമാരും ഐടി സെല്ലുകളുടെ മേധാവികളും ന്യൂസ് റൂം ചർച്ചകൾ എന്താണെന്ന് പോലും തീരുമാനിക്കുന്ന ഒരു ഘട്ടത്തിലെത്തിയിരിക്കുന്നു. യാതൊരു നിയന്ത്രണങ്ങളുമില്ലാതെയാണ് മതവിദ്വേഷം സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു.