Spread the love

കോഴിക്കോട്: പിടിക്കപ്പെടുമെന്ന് ഉറപ്പുള്ള ഘട്ടങ്ങളിലെല്ലാം പൊതുജനങ്ങളുടെ ശ്രദ്ധ തിരിക്കാൻ നിരവധി നിഗൂഢ സംഭവങ്ങൾ ഉണ്ടാക്കുന്നതിൽ അഗ്രഗണ്യനാണ് പിണറായി വിജയനെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ. ജനങ്ങളുടെ ശ്രദ്ധ തിരിക്കാൻ വിഡ്ഢിയായ കൺവീനറുടെ കയ്യിൽ പടക്കം കൊടുത്തപ്പോൾ അത് അയാളുടെ കൈയിൽ ഇരുന്നു പൊട്ടുമെന്ന് മുഖ്യമന്ത്രി ഓർക്കണമായിരുന്നുവെന്നും സുധാകരൻ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.

വിഡ്ഢിത്തങ്ങൾക്കും വിടുവായത്തങ്ങള്‍ക്കും അറിയപ്പെട്ടിരുന്ന അദ്ദേഹത്തിന്റെ പെട്ടെന്നുള്ള പ്രതികരണങ്ങൾ ആളുകളെ സത്യം ബോധ്യപ്പെടുത്തിയിരിക്കുന്നു. കൺവീനറുടെ തലയിലെ വെടിയുണ്ട മജ്ജയിൽ അലിഞ്ഞുചേർന്ന് അപ്രത്യക്ഷമായതുപോലെ ഓഫീസിന് നേരെ പടക്കം എറിഞ്ഞയാൾ അപ്രത്യക്ഷമാകുന്നത് കണ്ട് കേരളം ചിരിക്കുകയാണെന്ന് സുധാകരൻ പരിഹസിച്ചു.

ശ്രദ്ധതിരിക്കലിന്റെ രണ്ടാം പടിയായി, കയ്യിലുള്ള അടുത്ത ആയുധമായ സോളാർ കേസ് വിവാദ നായികയെ രംഗത്തിറക്കിയിരിക്കുകയാണ്. മൂന്നാം ഘട്ടത്തിൽ ഏത് സഖാവാണ് രക്തസാക്ഷിത്വം വരിച്ച് പുകമറ സൃഷ്ടിക്കുക എന്നാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്.രാജ്യത്തോടും നാട്ടുകാരോടും സ്വന്തം പാർട്ടി പ്രവർത്തകരോടും പോലും ഒട്ടും സ്നേഹമില്ലെന്നും നിങ്ങൾ (മുഖ്യമന്ത്രി പിണറായി വിജയൻ) തികഞ്ഞ പരാജയമാണെന്നും സുധാകരൻ ആരോപിച്ചു.

By newsten