Spread the love

തിരുവനന്തപുരം: വിഴിഞ്ഞം പദ്ധതിക്കായി പിണറായി സർക്കാർ ഒന്നും ചെയ്തില്ലെന്ന് കുറ്റപ്പെടുത്തി മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. “2019ൽ പൂർത്തിയാക്കേണ്ടിയിരുന്ന പദ്ധതി 2023ലും പൂർത്തിയാകാത്തത് ഈ സർക്കാർ കാരണമാണ്. 7 വർഷമായി പദ്ധതിക്കായി സർക്കാർ ഒന്നും ചെയ്തിട്ടില്ല. 7000 കോടിയുടെ പദ്ധതിയിൽ 6000 കോടി രൂപയുടെ അഴിമതിയെന്ന് ആക്ഷേപിച്ചത് അന്നത്തെ സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയനാണ്.” ചെന്നിത്തല പറഞ്ഞു.

“1992ൽ എം.വി രാഘവൻ തുറമുഖ മന്ത്രിയായിരിക്കെയാണ് പദ്ധതിക്ക് തുടക്കമിട്ടത്. മൂന്നു പ്രാവശ്യം ടെൻഡർ ചെയ്തിട്ടും ആരും വന്നില്ല. പിന്നീട് ചൈനീസ് കമ്പനി വന്നു. സുരക്ഷാ കാരണങ്ങളാലാണ് അന്ന് കേന്ദ്രസർക്കാർ അനുമതി നിഷേധിച്ചത്. ഒടുവിൽ അദാനിയുമായി കരാർ ഒപ്പിട്ടു.  ഇക്കാര്യത്തിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ അഭിനന്ദിക്കണം. എന്നാൽ പദ്ധതിയുടെ ഉദ്ഘാടനച്ചടങ്ങിൽ എൽ.ഡി.എഫ് പങ്കെടുത്തില്ല.” അദ്ദേഹം പറഞ്ഞു.

“ഒന്നാം പിണറായി സർക്കാർ അധികാരത്തിൽ വന്നയുടൻ ജുഡീഷ്യൽ അന്വേഷണം ആരംഭിച്ചു. ജസ്റ്റിസ് രാമചന്ദ്രൻ നായരുടെ ജുഡീഷ്യൽ അന്വേഷണത്തിൽ ഉമ്മൻചാണ്ടിക്ക് ക്ലീൻ ചിറ്റ് ലഭിച്ചു. ആ റിപ്പോർട്ട് ഈ സഭയുടെ മേശപ്പുറത്തുണ്ട്. പൊതു-സ്വകാര്യ പങ്കാളിത്തത്തിൽ കെ കരുണാകരൻ കൊച്ചിയിൽ വിമാനത്താവളം കൊണ്ടുവന്നപ്പോൾ എന്റെ മൃതദേഹത്തിന് മുകളിൽ എന്ന് പറഞ്ഞ് എതിർത്തത് സിപിഎംകാരനായിരുന്ന, എസ് ശർമ്മയായിരുന്നു. അദ്ദേഹം തന്നെ പിന്നീട് ആ കമ്പനിയുടെ ചെയർമാനായി. നിങ്ങളുടെ ചരിത്രം എന്നെക്കൊണ്ട് അധികം പറയിപ്പിക്കരുത്.” ചെന്നിത്തല കൂട്ടിച്ചേർത്തു.

By newsten