ജീവകാരുണ്യ പ്രവർത്തനങ്ങളിൽ മുൻനിരയിൽ നിൽക്കുന്ന ഏഷ്യക്കാരുടെ പട്ടിക ഫോബ്സ് പുറത്തുവിട്ടു. ഫോബ്സ് ഏഷ്യാസ് ഹീറോസ് ഓഫ് ഫിലാന്ത്രോപ്പി എന്ന പേരിലുള്ള പട്ടികയുടെ 16-ാമത്തെ പതിപ്പാണിത്. അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി ഉൾപ്പെടെ മൂന്ന് ഇന്ത്യക്കാരാണ് പട്ടികയിൽ ഇടംപിടിച്ചത്.
ഈ വർഷം ജൂണിൽ അദാനിയുടെ 60-ാം ജൻമദിനാഘോഷത്തിന്‍റെ ഭാഗമായി ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി 60,000 കോടി രൂപ പ്രഖ്യാപിച്ചിരുന്നു. ആരോഗ്യം, വിദ്യാഭ്യാസം, നൈപുണ്യവികസനം തുടങ്ങിയ മേഖലകളിൽ ഈ പണം വിനിയോഗിക്കും. ലോകത്തിലെ മൂന്നാമത്തെ ധനികനായ അദാനി, അദാനി ഫൗണ്ടേഷനിലൂടെ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമാണ്.
എച്ച്‌സിഎല്‍ സഹസ്ഥാപകനായ ശിവ് നാടാര്‍, ഹാപ്പിയസ്റ്റ് മൈന്‍ഡ്‌സ് ടെക്‌നോളജീസ് എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍ അശോക് സൂത എന്നിവരാണ് പട്ടികയിലുള്ള മറ്റ് രണ്ട് ഇന്ത്യക്കാർ. ഈ വർഷം 11,600 കോടി രൂപ (142 മില്യൺ ഡോളർ) ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി നാടാർ നീക്കിവച്ചിട്ടുണ്ട്. 1994ൽ ശിവ് നാടാർ സ്വന്തം പേരിൽ സ്ഥാപിച്ച ഫൗണ്ടേഷൻ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി ഇതുവരെ ഏകദേശം 1.1 ബില്യൺ ഡോളർ ചെലവഴിച്ചു.