ന്യൂ ഡൽഹി: പോപ്പുലർ ഫ്രണ്ടിനെതിരായ എൻ.ഐ.എ നടപടിക്ക് പിന്നാലെ ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളും റെയ്ഡ് നടത്തി. ഡൽഹി പോലീസ്, സംസ്ഥാന ഭീകരവിരുദ്ധ സേന, സംസ്ഥാന പോലീസ് എന്നിവർ 7 സംസ്ഥാനങ്ങളിൽ നടത്തിയ റെയ്ഡിൽ 247 പേരെ അറസ്റ്റ് ചെയ്തു. ഇതോടെ രാജ്യത്ത് പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കാനുള്ള സാധ്യത വർധിച്ചു.
വ്യാഴാഴ്ച എൻ.ഐ.എ രാജ്യവ്യാപകമായി നടത്തിയ റെയ്ഡിൽ 45 പേർ അറസ്റ്റിലായിരുന്നു. ഇവരെ ചോദ്യം ചെയ്തതിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് സംസ്ഥാനത്ത് രണ്ടാം ഘട്ട റെയ്ഡ് നടത്തിയത്. എൻ.ഐ.എയുടെ അറസ്റ്റിനെതിരെ അക്രമത്തിലൂടെ പ്രതിഷേധിക്കാൻ പോപ്പുലർ ഫ്രണ്ട് പദ്ധതിയിടുന്നതായി വിവരം ലഭിച്ചതായി പൊലീസ് വൃത്തങ്ങൾ അറിയിച്ചു. ഡൽഹിയിൽ 30 പേരെ പൊലീസും ഭീകരവിരുദ്ധ സ്ക്വാഡും ചേർന്ന് അറസ്റ്റ് ചെയ്തു. ഷഹീൻ ബാഗ്, നിസാമുദ്ദീൻ, രോഹിണി ജാമിയ തുടങ്ങിയിടങ്ങളില്‍ റെയ്ഡ് നടന്നു. അർദ്ധസൈനിക വിഭാഗങ്ങൾ പ്രദേശത്ത് റൂട്ട് മാർച്ച് നടത്തി. പിന്നീട് നിരോധനാജ്ഞയും ഏർപ്പെടുത്തി. റെയ്ഡിന് ശേഷം പോപ്പുലർ ഫ്രണ്ട് ഓഫീസുകൾ പൊലീസ് സീൽ ചെയ്തു.
കർണാടകയിൽ പോപ്പുലർ ഫ്രണ്ട് ജില്ലാ പ്രസിഡന്‍റുമാർ ഉൾപ്പെടെ 80 പേരെ കസ്റ്റഡിയിലെടുത്തു. ഇവരിൽ 45 പേരുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി. പോപ്പുലർ ഫ്രണ്ട്, എസ്ഡിപിഐ പ്രവർത്തകർ പ്രതികളായ പഴയ കേസുകളിൽ നടപടി ഊർജിതമാക്കാൻ സർക്കാർ പൊലീസിന് നിർദ്ദേശം നൽകിയിട്ടുണ്ട്. മഹാരാഷ്ട്രയിലെ വിവിധ ജില്ലകളിലായി എടിഎസ് നടത്തിയ റെയ്ഡിൽ 40 പേർ അറസ്റ്റിലായി. മലേഗാവിൽ നിന്ന് അറസ്റ്റിലായവരിൽ അഖിലേന്ത്യാ ഇമാംസ് കൗൺസിൽ സംസ്ഥാന അധ്യക്ഷനും ഉൾപ്പെടുന്നു.