തിരുവനന്തപുരം: വിവിധ ആവശ്യങ്ങളുന്നയിച്ച് സെപ്റ്റംബർ 23ന് നടത്താനിരുന്ന സൂചനാ പണിമുടക്ക് പെട്രോളിയം ഡീലേഴ്സ് അസോസിയേഷൻ ഓഫ് കേരള മാറ്റിവച്ചു. പെട്രോളിയം കമ്പനികളുടെയും പെട്രോളിയം വ്യാപാരി സംഘടനകളുടെയും പ്രതിനിധികളുമായി മന്ത്രി ജി.ആർ അനിൽ ഉണ്ടാക്കിയ ധാരണ പ്രകാരമാണ് സമരം മാറ്റിവച്ചത്.
പെട്രോൾ പമ്പുകൾ 23ന് അടച്ചിടുമെന്നും പണിമുടക്കുമെന്നും പെട്രോളിയം ഡീലേഴ്സ് അസോസിയേഷൻ അറിയിച്ചിരുന്നു. പമ്പുകൾക്ക് മതിയായ ഇന്ധനം ലഭ്യമാക്കണമെന്നും പ്രീമിയം പെട്രോളും ലൂബ്രിക്കന്‍റുകളും കമ്പനികൾ അടിച്ചേൽപ്പിക്കുന്നത് അവസാനിപ്പിക്കണം തുടങ്ങിയ ആവശ്യങ്ങളാണു ഡീലര്‍മാര്‍ ഉന്നയിക്കുന്നത്.