സജി ചെറിയാനെ അയോഗ്യനാക്കണമെന്നുളള ഹർജി പ്രഥമദൃഷ്ട്യാ നിലനിൽക്കുന്നതല്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. സത്യപ്രതിജ്ഞാ ലംഘനം നടന്നിട്ടുണ്ടോയെന്ന് കോടതിയ്ക്ക് പരിശോധിക്കാനാകില്ലെന്ന് അഡ്വക്കേറ്റ് ജനറൽ കോടതിയെ അറിയിച്ചു. ഹർജി തള്ളണമെന്നും എ.ജി ആവശ്യപ്പെട്ടു. നിയമപ്രശ്നം സംബന്ധിച്ച് തിങ്കളാഴ്ച റിപ്പോർട്ട് സമർപ്പിക്കാൻ കോടതി എ.ജിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഹർജി ഓഗസ്റ്റ് 2 ന് പരിഗണിക്കാൻ മാറ്റി.
ഭരണഘടനാ വിരുദ്ധ പ്രസംഗം നടത്തിയ സജി ചെറിയാന് എം.എൽ.എയായി തുടരാൻ അർഹതയില്ലെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം സ്വദേശി പി.ബിജുവാണ് ഹൈക്കോടതിയിൽ ഹർജി നൽകിയത്. കഴിഞ്ഞ ദിവസം ഹർജി പരിഗണിച്ച കോടതി, ഹർജിക്കാരന്‍റെ വാദങ്ങളെ സാധൂകരിക്കാൻ തിരഞ്ഞെടുപ്പ് കമ്മിഷന്‍റെ മുൻകാല ഉത്തരവുകളും അനുബന്ധ രേഖകളും ഉണ്ടെങ്കിൽ ഹാജരാക്കാൻ ആവശ്യപ്പെട്ടിരുന്നു. പ്രസംഗത്തിന്‍റെ പേരിൽ സജി ചെറിയാനെ എം.എൽ.എ സ്ഥാനത്ത് നിന്ന് അയോഗ്യനാക്കാൻ നിയമപരമായി സാധ്യമല്ലെന്ന് എ.ജി കോടതിയെ അറിയിച്ചു. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ചാണ് ഹർജി പരിഗണിച്ചത്.
മന്ത്രിയായിരിക്കെ മല്ലപ്പള്ളിയിൽ നടന്ന പാർട്ടി പരിപാടിയിലാണ് സജി ചെറിയാൻ ഭരണഘടനയെ അവഹേളിക്കുന്ന പ്രസംഗം നടത്തിയത്. മന്ത്രിസ്ഥാനം രാജിവച്ച് സജി ചെറിയാന് എം.എൽ.എയായി തുടരാൻ കഴിയുമോ എന്നതാണ് ഇപ്പോഴത്തെ പ്രധാന ചോദ്യം. സജി ചെറിയാൻ ഓണർ ആക്ട് ലംഘിച്ചതിനാൽ ക്രിമിനൽ നടപടി നേരിടേണ്ടി വരുമെന്നും എംഎൽഎ സ്ഥാനം രാജിവയ്ക്കേണ്ടി വരുമെന്നും ചില നിയമവിദഗ്ധർ പറയുന്നു.