Spread the love

ആഗോള മൃഗസ്നേഹികളുടെ സംഘടനയായ പീപ്പിൾ ഫോർ ദി എത്തിക്കൽ ട്രീറ്റ്മെന്‍റ് ഓഫ് അനിമൽസ് (പെറ്റ) മാംസാഹാരത്തിനെതിരായ പ്രചാരണ പ്രവർത്തനങ്ങൾ ശക്തമാക്കി. മാംസം കഴിക്കുന്ന പുരുഷൻമാരുമായി ലൈംഗിക ബന്ധത്തിലേർപ്പെടരുതെന്നും അവർക്ക് സെക്‌സ് നിഷേധിക്കണമെന്നും സംഘടന സ്ത്രീകളോട് ആഹ്വാനം ചെയ്തു. പെറ്റയുടെ ജർമ്മൻ പ്രതിനിധി ഡോ.കാരിസ് ബെന്നറ്റ് ടൈംസ് റേഡിയോയിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

സയൻസ് മാസികയായ പ്ലോസ് വണ്ണിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തെ അടിസ്ഥാനമാക്കിയായാണ് പെറ്റയുടെ വിചിത്രമായ നിർദ്ദേശം. കാലാവസ്ഥാ ദുരന്തങ്ങൾക്ക് സ്ത്രീകളെക്കാൾ കൂടുതൽ ഉത്തരവാദികൾ പുരുഷൻമാരാണെന്നാണ് പഠനം പറയുന്നത്. മാംസാഹാര ശീലം 41 ശതമാനം കൂടുതൽ ഹരിതഗൃഹ വാതക ബഹിർഗമനത്തിലേക്ക് നയിക്കുന്നുവെന്ന് പഠനം കണ്ടെത്തിയതായി പെറ്റ പ്രസ്താവനയിൽ പറഞ്ഞു.

മാംസം ചുട്ടു കഴിക്കുന്ന പുരുഷൻമാരെയാണ് പെറ്റ പ്രധാനമായും വിമർശിക്കുന്നത്. “ബിയര്‍ ബോട്ടില്‍ കൈയില്‍ പിടിച്ച്, വില കൂടിയ ഗ്യാസ് ഗ്രില്ലുകളില്‍ പുരുഷന്‍മാര്‍ മാംസം പാചകം ചെയ്യുന്നു. ഇറച്ചി തിന്നുന്നതുകൊണ്ട് തങ്ങളുടെ പൗരുഷം തെളിയിക്കാന്‍ ആകുമെന്നാണ് ഈ ബാര്‍ബെക്യൂ മാസ്റ്റര്‍മാരുടെ വിചാരം. ഇതു മൃഗങ്ങളെ മാത്രമല്ല, ഭൂലോകത്തെ തന്നെ ദോഷകരമായി ബാധിക്കുന്നു”. പെറ്റ കുറ്റപ്പെടുത്തി.

By newsten