കണ്ണൂർ: പെരിയ കേസിലെ മുഖ്യപ്രതിക്ക് ചട്ടം ലംഘിച്ച് ആയുർവേദ ചികിത്സ. കണ്ണൂർ സെൻട്രൽ ജയിൽ സൂപ്രണ്ടിനോട് നേരിട്ട് ഹാജരായി വിശദീകരണം നൽകാൻ സി.ബി.ഐ കോടതി നിർദ്ദേശിച്ചു. നാളെ ഹാജരാകണമെന്നാണ് ജയിൽ സൂപ്രണ്ടിനോട് കോടതി നിർദ്ദേശിച്ചത്.
പെരിയ കേസിലെ ഒന്നാം പ്രതിയും സി.പി.എം നേതാവുമായ പീതാംബരനെ സി.ബി.ഐ കോടതിയുടെ അനുമതിയില്ലാതെയാണ് സെൻട്രൽ ജയിൽ മെഡിക്കൽ ബോർഡ് 40 ദിവസത്തെ ആയുർവേദ ചികിത്സയ്ക്ക് ശുപാർശ ചെയ്തത്. നിലവിൽ കണ്ണൂർ ജില്ലാ ആയുർവേദ ആശുപത്രിയിൽ ചികിത്സയിലാണ് പീതാംബരൻ. ഒക്ടോബർ 14ന് പീതാംബന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്നാണ് ജയിൽ ഡോക്ടറായ അമർനാഥിനോട് അദ്ദേഹത്തെ പരിശോധിക്കാൻ ജയിൽ സൂപ്രണ്ട് നിർദ്ദേശം നൽകിയത്. പരിശോധിച്ച ശേഷം വിദഗ്ധ ചികിത്സ ആവശ്യമാണെന്ന് ജയിൽ ഡോക്ടർ റിപ്പോർട്ട് നൽകി. 19 നാണ് പീതാംബരന് കിടത്തി ചികിത്സ ആവശ്യമാണെന്ന് അറിയിച്ചത്.
24ന് സി.ബി.ഐ കോടതിയുടെ അനുമതിയില്ലാതെ ജയിൽ സൂപ്രണ്ട് സ്വന്തമായി മെഡിക്കൽ ബോർഡ് രൂപീകരിക്കുകയായിരുന്നു. 40 ദിവസം ആശുപത്രിയിൽ കിടത്തി ചികിത്സ നല്‍കണം എന്ന് ഈ മെഡിക്കൽ ബോർഡാണ് ശുപാർശ നൽകിയത്. നടുവേദനയും മറ്റ് ചില രോഗങ്ങളും ഉള്ളത് കൊണ്ടാണ് കിടത്തി ചികിത്സ വേണമെന്ന് മെഡിക്കല്‍ ബോര്‍ഡ് നിര്‍ദ്ദേശിച്ചത് എന്നാണ് വിവരം.