ബീജിങ്: ചൈനയിൽ കൊവിഡ് നിയന്ത്രണങ്ങൾക്കെതിരായ ജനകീയ പ്രതിഷേധങ്ങളെ അടിച്ചമർത്തി സർക്കാർ. പ്രധാന നഗരങ്ങളെല്ലാം പോലീസ് നിരീക്ഷണത്തിലായിരുന്നതിനാൽ ഇന്ന് പലയിടത്തും പ്രതിഷേധങ്ങളൊന്നും ഉണ്ടായില്ല. രാജ്യത്ത് നൂറുകണക്കിന് പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്യുകയും കർശനമായ സോഷ്യൽ മീഡിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും ചെയ്തു.
ഒരാഴ്ചയായി പ്രതിഷേധക്കാരെക്കൊണ്ട് നിറഞ്ഞിരുന്ന എല്ലാ നഗരങ്ങളും പോലീസ് നിയന്ത്രണത്തിലാക്കി. മുദ്രാവാക്യങ്ങളും പ്രതിഷേധങ്ങളും നിറഞ്ഞ പ്രദേശങ്ങൾ നിശ്ശബ്ദമായി. ഇന്നലെ രാത്രി മാത്രം നൂറുകണക്കിന് പ്രതിഷേധക്കാരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ബെയ്ജിംഗ്, ഷാങ്ഹായ് ഉൾപ്പെടെയുള്ള നഗരങ്ങളിൽ കർശന നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്.
ബാരിക്കേഡുകൾ സ്ഥാപിക്കുകയും പ്രതിഷേധക്കാരെത്താനിടയുള്ള എല്ലാ റോഡുകളും അടയ്ക്കുകയും ചെയ്തു. സർവ്വകലാശാലകൾ അടച്ചുപൂട്ടി. തെരുവുകളിൽ മാത്രമല്ല, സോഷ്യൽ മീഡിയയിലും നിയന്ത്രണങ്ങളുണ്ട്. അറസ്റ്റിലായവരുടെ ഫോണുകളിൽ നിന്ന് പ്രതിഷേധത്തിന്‍റെ ദൃശ്യങ്ങൾ നീക്കം ചെയ്തു. ദൃശ്യങ്ങൾ പ്രചരിപ്പിച്ച സോഷ്യൽ മീഡിയ അക്കൗണ്ടുകൾ മരവിപ്പിച്ചു. പ്രതിഷേധത്തിന്‍റെ വാർത്ത നൽകരുതെന്ന് ഏജൻസികൾക്കും മാധ്യമങ്ങൾക്കും നിർദ്ദേശം നൽകിയിട്ടുണ്ട്.