തിരുവനന്തപുരം : പീഡനക്കേസിൽ അറസ്റ്റിലായ പി സി ജോർജിന് കർശന ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. ജാമ്യവ്യവസ്ഥ അനുസരിച്ച് എല്ലാ ശനിയാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥൻ മുമ്പാകെ ഹാജരാകണമെന്നും മൂന്ന് മാസത്തേക്ക് ഇത് തുടരണമെന്നുമുണ്ട്. കേസന്വേഷണത്തിന്റെ ഭാഗമായി വിളിക്കുമ്പോഴെല്ലാം ഹാജരാകണം. 25,000 രൂപയുടെ ബോണ്ടിലാണ് തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ജോർജിനു ജാമ്യം അനുവദിച്ചത്. പി സി ജോർജിന് ജാമ്യം അനുവദിക്കരുതെന്ന് റിമാൻഡ് റിപ്പോർട്ടിൽ പൊലീസ് ആവശ്യപ്പെട്ടിരുന്നു. മണിക്കൂറുകൾ നീണ്ട വാദപ്രതിവാദങ്ങൾക്കൊടുവിൽ കർശന ഉപാധികളോടെ ജാമ്യം അനുവദിച്ചു.
മതവിദ്വേഷ പ്രസംഗം നടത്തിയ വ്യക്തിയാണ് പ്രതി. കോടതിയുടെ ജാമ്യ വ്യവസ്ഥകൾ ലംഘിച്ച വ്യക്തിയാണ് ഇയാൾ. പ്രതിക്ക് ജാമ്യം നൽകിയാൽ സാക്ഷിയെ ഭീഷണിപ്പെടുത്തുമെന്ന് പ്രോസിക്യൂഷൻ വാദിച്ചു. എന്നാൽ പി സി ജോർജിനെ തുടർച്ചയായി കേസിൽ കുടുക്കാനുള്ള ശ്രമങ്ങൾ മാസങ്ങളോളം നടക്കുന്നുണ്ടെന്ന് പ്രതിഭാഗം വാദിച്ചു. ഇതിന് സർക്കാരിനെ പ്രതിഭാഗം കുറ്റപ്പെടുത്തിയതായാണ് വിവരം. പി സി ജോർജിന്റെ ആരോഗ്യസ്ഥിതിയും പ്രതിഭാഗം കോടതിയിൽ ഉയർത്തിക്കാട്ടി. ഇതെല്ലാം കണക്കിലെടുത്താണ് ജാമ്യം.
സോളാർ കേസിലെ പ്രതിയുടെ രഹസ്യമൊഴിയുടെ അടിസ്ഥാനത്തിലാണ് മ്യൂസിയം പോലീസ് മുൻ എംഎൽഎയെ അറസ്റ്റ് ചെയ്തത്. തിരുവനന്തപുരത്തെ ഗസ്റ്റ് ഹൗസിൽ വച്ച് ലൈംഗികമായി പീഡിപ്പിച്ചെന്നും അശ്ലീല സന്ദേശങ്ങൾ അയച്ചെന്നുമാണ് സോളാർ കേസിലെ പ്രതിയുടെ പരാതി. അതേസമയം, വൃത്തിക്കേടൊന്നും കാണിച്ചിട്ടില്ലെന്ന് പിസി ജോർജ് പറഞ്ഞു. ഇത് കള്ളക്കേസാണെന്നും തന്റെ നിരപരാധിത്വം തെളിയിക്കുമെന്നും അദ്ദേഹം പ്രതികരിച്ചു.