Spread the love

കണ്ണൂര്‍: പയ്യന്നൂരിൽ ആർഎസ്എസ് ഓഫീസിന് നേരെയുണ്ടായ ബോംബേറുമായി ബന്ധപ്പെട്ട് രണ്ട് സിപിഎം പ്രവർത്തകർ അറസ്റ്റിൽ. പെരളം അംഗടിവീട്ടിൽ ഗെനിൽ (25) കരമ്മൽ കശ്യപ് (23), എന്നിവരാണ് അറസ്റ്റിലായത്. ഇവർക്ക് ആക്രമണത്തിൽ നേരിട്ട് പങ്കുണ്ടെന്നാണ് വിവരം. ജൂലൈ 11 ന് പുലർച്ചെയാണ് പയ്യന്നൂരിലെ ആർഎസ്എസ് ഓഫീസിന് നേരെ ആക്രമണമുണ്ടായത്. അജ്ഞാതർ ഓഫീസിന് നേരെ സ്റ്റീൽ ബോംബ് എറിഞ്ഞു.

സ്ഫോടനത്തിൽ കെട്ടിടത്തിന്‍റെ ജനൽ ചില്ലുകൾക്ക് കേടുപാടുകൾ സംഭവിച്ചു. കെട്ടിടത്തിന് മുന്നിലെ ഇരുമ്പ് ഗ്രില്ല് വളയുകയും വരാന്തയിലെ കസേരകൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തിരുന്നു. ഡിവൈഎഫ്ഐ പ്രവർത്തകൻ ധനരാജിന്‍റെ ചരമവാർഷിക ദിനത്തിലാണ് ആക്രമണമുണ്ടായത്. ആക്രമണത്തിന് പിന്നിൽ സി.പി.എം ആണെന്ന് സംഭവസ്ഥലം സന്ദർശിച്ച ബി.ജെ.പി അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ ആരോപിച്ചിരുന്നു. കേരളത്തെ കലാപഭൂമിയാക്കാനുള്ള സി.പി.എം ഗൂഡാലോചനയാണ് ബോംബാക്രമണമെന്നായിരുന്നു സുരേന്ദ്രന്‍റെ പ്രതികരണം.

സംഭവത്തിൽ സി.പി.എം ഉന്നത നേതൃത്വത്തിന് പങ്കുണ്ടോയെന്ന് അന്വേഷിക്കണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു. പയ്യന്നൂരിലെ സി.പി.എം പൊതുയോഗത്തിൽ സംസ്ഥാന നേതാക്കൾ ഉൾപ്പെടെയുള്ളവർ നടത്തിയ പ്രകോപനപരമായ പ്രസംഗങ്ങൾക്കെതിരെ പൊലീസ് കേസെടുക്കണമെന്നും സ്വർണക്കടത്തിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് സി.പി.എമ്മും സർക്കാരും ശ്രമിക്കുന്നതെന്നും സുരേന്ദ്രൻ ആരോപിച്ചിരുന്നു. പ്രതികളെ രക്ഷിക്കാൻ ശ്രമിച്ചാൽ ബി.ജെ.പി ജനങ്ങളെ അണിനിരത്തി പ്രതിരോധം തീർക്കുമെന്നായിരുന്നു സുരേന്ദ്രന്‍റെ വെല്ലുവിളി.

By newsten