Spread the love

തിരുവനന്തപുരം: സിപിഐയ്ക്കകത്തെ അഭിപ്രായ വ്യത്യാസങ്ങളിൽ നേതാക്കളെ പരോക്ഷമായി വിമർശിച്ച് പാർട്ടി അഖിലേന്ത്യ സെക്രട്ടറി ഡി.രാജ. “പാർട്ടിയെ അമ്മയെ പോലെ കരുതണം. പാർട്ടിയാണ് ആയുധം. അടിസ്ഥാനപരമായി പാർട്ടിയെ സ്നേഹിക്കാൻ കഴിയണം. അവനവന്റേതെന്ന് കരുതണം”, ഡി.രാജ തിരുവനന്തപുരത്ത് പറഞ്ഞു. ജനങ്ങൾക്കിടയിൽ ജീവിക്കാൻ പാർട്ടി പ്രവർത്തകർ തയ്യാറാകണമെന്നും സിപിഐ സംസ്ഥാന പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്ത് അദ്ദേഹം വ്യക്തമാക്കി.

പാർട്ടി സമ്മേളനത്തിന് മുന്നോടിയായി കാനം ചേരിയും കെ.ഇ.ഇസ്മയിലും സി.ദിവാകരനും നേതൃത്വം നൽകുന്ന കാനം വിരുദ്ധ ചേരിയും തമ്മിൽ അഭിപ്രായ വ്യത്യാസം പ്രകടമായതിനിടയിലാണ് പാർട്ടിയാണ് വലുതെന്ന സന്ദേശം അഖിലേന്ത്യാ നേതൃത്വം പങ്കുവയ്ക്കുന്നത്. വിവിധ സംസ്ഥാനങ്ങളിലെ ഇടതുപാർട്ടികൾ തമ്മിലുള്ള സഖ്യം ഇപ്പോൾ തൃപ്തികരമല്ലെന്ന് ഡി രാജ പറഞ്ഞു. കേരള, ബംഗാൾ ഘടകങ്ങളെ ചൂണ്ടിക്കാണിച്ചാണ് ഡി രാജ വിമർശനം നടത്തിയത്.

ഇടതുപാർട്ടികൾ ഒന്നിക്കണം. കമ്യൂണിസ്റ്റ് പാർട്ടികളുടെ ലയനം തത്വാധിഷ്ഠിതമായി വേണം നടക്കാൻ. ഇക്കാര്യത്തിൽ ഗൗരവമായ ചർച്ച വേണമെന്നും രാജ നിർദ്ദേശിച്ചു. ബിജെപിയെ പരാജയപ്പെടുത്താൻ എല്ലാ ജനാധിപത്യ മതേതര പാർട്ടികളും ഒന്നിക്കണം. മതേതര ജനാധിപത്യ പാർട്ടികൾ പരസ്പര വിശ്വാസത്തോടെ യോജിക്കുകയും പ്രാദേശിക പാർട്ടികളെയും ഒപ്പം കൂട്ടുകയും വേണം. രാഷ്ട്രീയ പ്രമേയത്തിന്മേൽ തുറന്ന ചർച്ച വേണമെന്നും ഭേദഗതികൾ ഉണ്ടെങ്കിൽ അത് ഉയർന്ന് വരണമെന്നും ഡി രാജ നിർദ്ദേശിച്ചു. 
 

By newsten