കേന്ദ്രസർക്കാരിന്റെ പരിവാഹൻ വെബ്സൈറ്റ് തകരാറിലായിട്ട് രണ്ടാഴ്ചയായി. പ്രവൃത്തിസമയങ്ങളില്‍ വെബ്സൈറ്റ് പൂർണമായും സ്തംഭിക്കും. എന്നാല്‍ രാത്രിയിൽ പ്രവർത്തനം നടക്കുന്നുമുണ്ട്. വിവിധ ആവശ്യങ്ങൾക്കായി ആർടിഒയിൽ എത്തുന്നവർക്ക് ഏറെ നേരത്തെ കാത്തിരിപ്പിന് ശേഷം തിരികെ പോകേണ്ട അവസ്ഥയാണ്. ഏകീകൃത വെബ്സൈറ്റായതിനാൽ വാഹന രജിസ്ട്രേഷൻ ഉൾപ്പെടെയുള്ള സേവനങ്ങൾ രാജ്യത്തുടനീളം പ്രതിസന്ധിയിലാണ്.
പ്രവർത്തിക്കുന്ന സമയങ്ങളിൽ വെബ്സൈറ്റ് ഉപയോഗിക്കാൻ തുടങ്ങിയാൽ പോലും, ഇടയ്ക്ക് അത് വീണ്ടും മന്ദഗതിയിലാകും. അതിനുശേഷം സൈറ്റിലേക്ക് പ്രവേശിക്കാൻ കഴിയില്ല. എല്ലാ സേവനങ്ങളും പരിവാഹൻ സൈറ്റിലേക്ക് മാറ്റിയതിന് ശേഷം മിക്ക ദിവസങ്ങളിലും ഈ പ്രശ്നമുണ്ട്. എന്നാൽ കേന്ദ്രത്തിന്‍റെ നേതൃത്വത്തിലായതിനാൽ എന്ത് ചെയ്യണമെന്നോ എവിടെ പരാതി നൽകണമെന്നോ പോലും ഉദ്യോഗസ്ഥർക്ക് അറിയില്ല. പരാതിപ്പെട്ടാലും പ്രശ്നം പരിഹരിക്കാൻ അധികൃതർ തയ്യാറാകുന്നില്ലെന്നാണ് ആക്ഷേപം.
സംസ്ഥാനത്ത് പരിവാഹൻ സൈറ്റ് വഴി പ്രതിദിനം ലക്ഷക്കണക്കിന് അപേക്ഷകളാണ് ലഭിക്കുന്നത്. നിലവിൽ എല്ലാ സർവീസുകളും താറുമാറായിരിക്കുകയാണ്. വെബ് സൈറ്റിൽ മാറ്റങ്ങൾ വരുത്തുന്നതിന്‍റെ ഭാഗമായാണ് ഇത്തരം ബുദ്ധിമുട്ടുകൾ ഉണ്ടാകുന്നതെന്ന് അന്വേഷണത്തിൽ വ്യക്തമായതായി ആർടിഒ ഉദ്യോഗസ്ഥർ പറഞ്ഞു. വാഹന രജിസ്ട്രേഷൻ മുതൽ വാഹനങ്ങളുമായി ബന്ധപ്പെട്ട എല്ലാ ജോലികളും പരിവാഹൻ വെബ്സൈറ്റ് വഴിയാണ് ചെയ്യുന്നത്. ഫിറ്റ്നസ് സർട്ടിഫിക്കറ്റും പേയ്മെന്‍റും ഇതിൽ ഉൾപ്പെടുന്നു.