പാലക്കാട്: വിദ്യാർത്ഥികൾക്ക് നേരെയുണ്ടായ സദാചാര ആക്രമണവുമായി ബന്ധപ്പെട്ട് കേസുമായി ശക്തമായി മുന്നോട്ട് പോകുമെന്ന് മണ്ണാറക്കാട് വിദ്യാർത്ഥികളുടെ രക്ഷിതാക്കൾ. ഇപ്പോഴത്തെ സംഭവം മാത്രമല്ല, പല കുട്ടികൾക്കും സമാനമായ അനുഭവം ഉണ്ടായിട്ടുണ്ടെന്ന് മാതാപിതാക്കൾ പറഞ്ഞു.
“കുട്ടികൾ ശാരീരികമായ ഉപദ്രവത്തിന് വിധേയരായിട്ടുണ്ട്. അത് അനുവദിക്കാവുന്ന ഒന്നല്ല. നടപടിയെടുത്തില്ലെങ്കിൽ ഇത്തരം അതിക്രമങ്ങൾ തുടരും. ഈ പരിപാടി നിർത്തണം. ഈ കുട്ടികൾക്ക് ഒരു വർഷം കൂടി അവിടെ പഠിക്കണം. നാളെ ഇതുപോലൊരു അനുഭവം ഉണ്ടായാല്‍ പ്രയാസമാണ്. കുട്ടികൾക്ക് മേൽ കൈ വയ്ക്കാൻ ആർക്കും അവകാശമില്ല,” മാതാപിതാക്കൾ പ്രതികരിച്ചു. തുടക്കത്തിൽ ഒത്തുതീർപ്പിലെത്താൻ ശ്രമം നടന്നിരുന്നെങ്കിലും നിലവിൽ പോലീസ് അന്വേഷണം നടന്നുവരികയാണെന്നും അവർ പറഞ്ഞു.
ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമൊപ്പം ഇരുന്നതിന്, വിദ്യാർത്ഥികളെ മർദ്ദിച്ചതിൽ നാട്ടുകാർക്കെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. ബസ് സ്റ്റോപ്പിൽ ആൺകുട്ടികളും പെൺകുട്ടികളും ഇടകലര്‍ന്നിരുന്ന് വിദ്യാർത്ഥികൾ പ്രതീകാത്മക പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. പ്രദേശത്ത് എസ്.എഫ്.ഐയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി.