Spread the love

തിരുവനന്തപുരം: ഷാരോൺ വധക്കേസ് അന്വേഷണത്തിൽ വീഴ്ചയുണ്ടായിട്ടില്ലെന്ന പാറശ്ശാല സി.ഐയുടെ ന്യായീകരണം തിരിച്ചടിയായേക്കും. ഷാരോണിന്‍റെ രക്തസാമ്പിളിൽ കീടനാശിനിയുടെ അംശം കണ്ടെത്തിയിട്ടില്ലെന്ന വിശദീകരണം ഉൾപ്പെടെ പ്രതിഭാഗം ആയുധമായി ഉപയോഗിച്ചേക്കാം. സി.ഐ ഹേമന്ത് പൊലീസ് മേധാവിയുടെ അനുമതിയില്ലാതെ വിശദീകരണം അടങ്ങിയ ഓഡിയോ സന്ദേശം പ്രചരിപ്പിച്ചതായി ഉന്നത വൃത്തങ്ങൾ പറഞ്ഞു.

ആദ്യം കേസ് അന്വേഷിച്ച പാറശ്ശാല പൊലീസിന് ഗുരുതര വീഴ്ച പറ്റിയെന്ന് വിലയിരുത്തിയ ശേഷമാണ് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയത്. റൂറൽ എസ്.പിയുടെ ഈ തീരുമാനം ശരിയാണെന്ന് പ്രതികളുടെ അറസ്റ്റ് ഉൾപ്പെടെയുള്ള തുടർനടപടികൾ വ്യക്തമാക്കുന്നു.

അതേസമയം, പാറശ്ശാല പൊലീസിന് വീഴ്ച പറ്റിയിട്ടില്ലെന്ന് ന്യായീകരിക്കാൻ അന്വേഷണത്തിലെ കണ്ടെത്തലുകളെ തെറ്റായി വ്യാഖ്യാനിച്ച് പാറശ്ശാല സിഐ ഹേമന്ത് കുമാർ മാധ്യമങ്ങൾക്ക് നൽകിയ ശബ്ദസന്ദേശം കേസിൽ തിരിച്ചടിയാകുമെന്നാണ് ക്രൈംബ്രാഞ്ച് സംഘത്തിന്‍റെ തന്നെ വിലയിരുത്തൽ. ഷാരോണിന് വിഷം കൊടുത്ത് ഏഴ് ദിവസത്തിന് ശേഷമാണ് ഷാരോണിനെ കുറിച്ച് പൊലീസ് അറിഞ്ഞതെന്നും മെഡിക്കൽ കോളേജ് അധികൃതർ വിവരം അറിയിക്കുകയായിരുന്നുവെന്നും സന്ദേശത്തിൽ പറയുന്നു.

By newsten