പാലക്കാട്: പാലക്കാട്ടെ പോക്സോ കേസ് അതിജീവിതയെ ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക് മുന്നിൽ ഹാജരാക്കി. കുട്ടിയുടെ വിദ്യാഭ്യാസം, കൗൺസിലിംഗ്, നിയമസഹായം എന്നിവ ഉറപ്പാക്കുമെന്ന് ചൈൽഡ് വെൽഫെയർ കമ്മിറ്റി ചെയർമാൻ എം.വി.മോഹനൻ പറഞ്ഞു. കുട്ടിയെ തട്ടിക്കൊണ്ടു പോയതുമായി ബന്ധപ്പെട്ട് അച്ഛനെയും അമ്മയെയും ഉടൻ കോടതിയിൽ ഹാജരാക്കും.
46 മണിക്കൂർ നീണ്ട അനിശ്ചിതത്വത്തിനൊടുവിൽ ഇന്നലെ രാത്രിയാണ് അതിജീവിതയെ പാലക്കാട്ടേക്ക് തിരികെ കൊണ്ടുവന്നത്. കുട്ടിയെ സിഡബ്ല്യുസിക്ക് മുന്നിൽ ഹാജരാക്കി സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റി. ട്രയലിന് മുമ്പ് ആത്മവിശ്വാസം ഉറപ്പാക്കുന്നതിന് കുട്ടിക്ക് കൗൺസിലിംഗ് നൽകുകയാണ് പ്രഥമ പരിഗണനയെന്ന് സിഡബ്ല്യുസി ചെയർമാൻ എം.വി.മോഹനൻ പറഞ്ഞു. കുട്ടിയുടെ പഠനം ഒരു ദിവസം പോലും തടസപ്പെടില്ലെന്നും ലീഗൽ സർവീസസ് അതോറിറ്റി നിയമസഹായം ഉറപ്പാക്കുമെന്നും സിഡബ്ല്യുസി അറിയിച്ചു.
കുട്ടിക്ക് നീതി ലഭിക്കുന്നത് വരെ സർക്കാർ സംരക്ഷണം നൽകണമെന്നും എന്ത് പ്രതിസന്ധി നേരിട്ടാലും കേസുമായി മുന്നോട്ട് പോകുമെന്നും കുട്ടിയുടെ മാതൃസഹോദരി പറഞ്ഞു. കുട്ടിയെ തട്ടിക്കൊണ്ടു പോയ സംഭവത്തിൽ അച്ഛനെയും അമ്മയെയും പോലീസ് ഇന്ന് കോടതിയിൽ ഹാജരാക്കും.