കറാച്ചി: പാകിസ്ഥാനിൽ ലൈവ് റിപ്പോർട്ട് ചെയ്യുന്നതിനിടെ സമീപത്തുണ്ടായിരുന്ന യുവാവിനെ തല്ലി മാധ്യമപ്രവർത്തക. ഈദ് ആഘോഷങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിനിടെ മാധ്യമപ്രവർത്തകയായ മയ്‌ര ഹാഷ്മിയാണ് യുവാവിനെ മർദ്ദിച്ചത്. അഞ്ച് സെക്കൻഡ് ദൈർഘ്യമുള്ള ഇതിന്റെ വീഡിയോ നിമിഷനേരം കൊണ്ടാണ് സോഷ്യൽ മീഡിയയിൽ വൈറലായത്.
സ്ത്രീകൾക്കും കുട്ടികൾക്കുമിടയിൽ ഹാഷ്മി കാര്യങ്ങൾ വിശദീകരിക്കുന്നതും വെള്ള ഷർട്ട് ധരിച്ച ഒരു യുവാവ് ക്യാമറയ്ക്ക് മുന്നിൽ നിന്നുകൊണ്ട് മറ്റൊരാൾക്ക് നേരെ കൈനീട്ടി എന്തോ പറയുന്നതും വീഡിയോയിൽ കാണാം. ഇതേതുടർന്ന് ഹാഷ്മി അയാളെ മർദ്ദിച്ചു. എന്തിനാണ് മർദ്ദനമേറ്റതെന്ന് വീഡിയോയിൽ വ്യക്തമല്ലാത്തതിനെ തുടർന്ന് ആളുകൾ ഹാഷ്മിയെ വിമർശിക്കുകയും പിന്തുണയ്ക്കുകയും ചെയ്തു. മോശമായി പെരുമാറിയതിന് നിയന്ത്രണം വിട്ട് മർദ്ദിക്കുകയായിരുന്നുവെന്ന് ചിലർ പറഞ്ഞപ്പോൾ, മറ്റ് ചിലർ യുവതിയുടെ നടപടി ശരിയല്ലെന്ന് വാദിച്ചു.
ചർച്ച കൈവിട്ടുപോയതോടെ മാധ്യമപ്രവർത്തക തന്നെ വിശദീകരണവുമായി രംഗത്തെത്തി. തത്സമയ പ്രക്ഷേപണത്തിനിടെ യുവാവ് ഒരു കുടുംബത്തെ അധിക്ഷേപിച്ചെന്നും അത്തരമൊരു പ്രവണതയെ പ്രോത്സാഹിപ്പിക്കില്ലെന്നും മായ്ര ഹാഷ്മി ട്വിറ്ററിലൂടെ വ്യക്തമാക്കി. ഇതോടെ വിവാദങ്ങളും അവസാനിച്ചു.