ബാങ്ക് ജോലിക്ക് താൽക്കാലിക അവധി നൽകിയാണ് സണ്ണി കൃഷിയിലേക്ക് ഇറങ്ങിയത്. ഇപ്പോൾ അദ്ദേഹം നൂറ് വരിക്ക പ്ലാവുകളുടെ ഉടമസ്ഥനാണ്. ബാങ്ക് ജോലിയിൽ നിന്ന് കിട്ടുന്ന വരുമാനത്തെക്കാൾ കൂടുതൽ അദ്ദേഹം ചക്ക വിറ്റ് സമ്പാദിക്കുന്നുണ്ട്. കൊച്ചുമുട്ടം സണ്ണി ആറു വർഷം മുമ്പാണ് പൂർണമായും കൃഷിയിലേക്ക് തിരിഞ്ഞത്. അധികം താമസിയാതെ പ്ലാവ് വെച്ചു. കഴിഞ്ഞ വർഷം അത് കായ്ച്ചു. രണ്ട് മാസം പ്രായമായ ചക്കകൾക്കായിരുന്നു(ഇടിച്ചക്ക) ഡിമാൻഡ്. നല്ല വില കിട്ടി. മോശമല്ലാത്ത ലാഭവും.
സണ്ണിക്ക് അഞ്ചേക്കർ പുരയിടമാണുള്ളത്. അവിടെ പ്ലാവ് കൃഷി മാത്രമല്ല ഉള്ളത്. നല്ലൊരു നല്ല മീൻ കുളം ഉണ്ട്. ആടുകളും തേനീച്ചകളുമുണ്ട്. ആടിന് തീറ്റ കൊടുക്കാൻ പുല്ല് കൃഷിയും ഉണ്ട്. കച്ചോല കൃഷിയും പച്ച പിടിച്ചിരിക്കുന്നു. ഇതിനൊക്കെ പുറമെ, കൊക്കോ, ജാതി, തെങ്ങ്, ചേന, വാഴ, കുരുമുളക്, ഏലം, മഞ്ഞൾ, കൂവ, ഇഞ്ചി മുതലായവയും വരുമാനം നൽകുന്നു. ചക്ക സീസൺ കഴിഞ്ഞാലും എല്ലാ സമയത്തും വരുമാനം ലഭിക്കുന്ന തരത്തിലാണ് കൃഷി ആസൂത്രണം ചെയ്തിരിക്കുന്നത്.
ഇതിനുപുറമെ, ഒരു ഔഷധത്തോട്ടവും ഉണ്ട്. അപൂർവ ഔഷധ സസ്യങ്ങൾ വളർത്താനും അവയിൽ നിന്ന് വരുമാനം ഉണ്ടാക്കാനുമുള്ള ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്. ഇതിൽ കറ്റാർവാഴ, നീല അമരി, ചെങ്ങനീർ കിഴങ്ങ്, കൽത്താമര, കരി മഞ്ഞൾ, കസ്തൂരി മഞ്ഞൾ, ചെങ്ങലംപരണ്ട എന്നിവയാണ് കൃഷി ചെയ്യുന്നത്. കുറച്ചിടത്ത് റബ്ബർ കൃഷിയുമുണ്ട്.